mithali-powar
mithali powar

മുംബയ് : ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ വിവാദത്തിലാക്കിയ ട്വന്റി 20 ലോകകപ്പിലെ മിഥാലി രാജിന്റെ ഒഴിവാക്കലിന് പിന്നാലെ പുതിയ പരിശീലകന് അപേക്ഷ ക്ഷണിച്ച് ബി.സി.സി.ഐ.

ഇംഗ്ളണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിൽനിന്ന് മികച്ച ഫോമിലുള്ള മിഥാലിയെ ഒഴിവാക്കിയതാണ് രമേഷ് പൊവാറിന് തിരിച്ചടിയായത്. തന്നെ മനപൂർവം ഒഴിവാക്കിയതാണെന്ന് മിഥാലി തുറന്നു പറഞ്ഞതോടെ ബി.സി.സി.ഐ ക്യാപ്ടൻ, പരിശീലകൻ, ടീം മാനേജർ, സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ, മിഥാലി എന്നിവരെയൊക്കെ വിളിച്ചുവരുത്തി പ്രശ്നം ചർച്ച ചെയ്തിരുന്നു. ബി.സി.സി.ഐ ഭാരവാഹികൾക്ക് മുന്നിൽ കോച്ചിനെതിരെ മിഥാലി കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിന് കൃത്യമായ മറുപടി നൽകാൻ പൊവാറിന് കഴിഞ്ഞില്ലെന്നും അറിയുന്നു.

ഇന്നലെ പരിശീലകനെന്ന നിലയിൽ പൊവാറിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇൗ ആഗസ്റ്റിലാണ് പൊവാർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ കോച്ചായി സ്ഥാനമേറ്റത്. ട്വന്റി 20 ലോകകപ്പിനുശേഷം കാലാവധി പുതുക്കിക്കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു മുൻ ഇന്ത്യൻ സ്‌പിന്നർകൂടിയായ പൊവാർ. എന്നാൽ വിവാദം കടുത്ത സാഹചര്യത്തിൽ അത് വേണ്ടെന്ന് ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.

കോച്ചാകാൻ ഇവർ

ഇന്ത്യൻ വനിതാ ടീമിന്റെ പുതിയ പരിശീലകരാകാൻ സാദ്ധ്യത കല്പിക്കുന്നത് ടോം മൂഡി, ഡേവ് വാട്ട്‌മോർ, വെങ്കടേഷ് പ്രസാദ് എന്നിവർക്കാണ്.

മുൻ ആസ്ട്രേലിയൻ ആൾ റൗണ്ടറായ മൂഡി ഐ.പി.എൽ ടീം സൺറൈസേഴ്സിന്റെ പരിശീലകനാണ്.

വെങ്കിടേഷ് പ്രസാദ് ഇന്ത്യൻ ടീം ബൗളിംഗ് കോച്ചായിരുന്നു. ഇപ്പോൾ കിംഗ്സ് ഇലവൻ പഞ്ചാബിനൊപ്പം.

ശ്രീലങ്കയെ 1996 ൽ ലോകകപ്പ് ജേതാക്കളാക്കിയ ഡേവ് വാട്ട്‌മോർ ഇപ്പോൾ കേരള ടീം കോച്ചാണ്.

മുൻ പരിശീലകനായിരുന്ന തുഷാർ അറോത്തയുമായി സീനിയർ താരങ്ങൾ ഉടക്കുണ്ടാക്കിയപ്പോഴാണ് ആഗസ്റ്റിൽ പൊവാർ കോച്ചായെത്തിയത്.