കുളത്തൂർ: കേരളബാങ്ക് രൂപീകരണം സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് വൻകുതിപ്പിന് വഴിതുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൺവിളയിലെ അഗ്രിക്കൾചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെ സ്വയംഭരണസ്ഥാപനമായി പ്രഖ്യാപിയ്ക്കുന്നതിനായി കാമ്പസിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണമേഖലയിലൂടെ രണ്ടായിരം വീടുകൾ നിർമ്മിക്കാൻ തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ടി. പരൻജ്യോതി, സംസ്ഥാന സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ വി. സനൽകുമാർ, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടർ ദേവദാസൻ, നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീനിവാസൻ, സഹകരണ രജിസ്ട്രാർ എസ്. ഷാനവാസ്, കൗൺസിലർമാരായ സുനിചന്ദ്രൻ, എസ്. ശിവദത്ത്, മേടയിൽ വിക്രമൻ, വി. ജയപ്രകാശ്, ആറ്റിപ്ര സദാനന്ദൻ, മൺവിള രാധാകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.