ബംഗളൂരു : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ പൂനെ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ബംഗ്‌ളൂരു എഫ്.സി ഒന്നാംസ്ഥാനത്ത് തുടരുന്നു.
ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുപകുതികളിലുമായി ഒാരോ ഗോൾ വീതമാണ് ബംഗളൂരു നേടിയത്. ആദ്യപകുതിയിൽ പൂനെയ്ക്ക് സമനില പിടിക്കാനായി ഒരു സെൽഫ് ഗോളും ബംഗളൂരു സമ്മാനിച്ചു.
11-ാം മിനിട്ടിൽ ഹർമൻ ജ്യോത് ഖബ്രയുടെ ക്രോസിൽനിന്ന് ഉദാന്ത സിംഗാണ് ബംഗ്ളുരുവിന്റെ ആദ്യഗോൾ നേടിയത്. 15-ാം മിനിട്ടിൽ സ്റ്റാൻകോവിച്ചിന്റെ ക്രോസ് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ബംഗളൂരു താരം രാഹുൽ ഭെക്കെയുടെ കാലിൽത്തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.
ആദ്യപകുതിയിൽ ഇരുടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും സമനിലച്ചങ്ങല പൊട്ടിയില്ല. രണ്ടാം പകുതിയിലും കഥ ആവർത്തിക്കുമെന്ന് തോന്നിയിടത്ത് രാഹുൽ ഭെക്കെ തന്നെ പ്രായശ്ചിത്തം ചെയ്ത് ബംഗളൂരുവിന് വിജയം നൽകി. ഖബ്രയുടെ ക്രോസിൽ നിന്നായിരുന്നു ഭെക്കെ വിജയഗോൾ നേടിയത്.
ഇന്നത്തെ മത്സരം
ജംഷഡ്പൂൾ Vs നോർത്ത് ഇൗസ്റ്റ്
(രാത്രി 7.30 മുതൽ)
ഇൗ വിജയത്തോടെ ബംഗളൂരുവിന് എട്ട് കളികളിൽ നിന്ന് 22 പോയിന്റായി.