നേമം: ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പാമാംകോട് പാലം പൊതുമരാമത്തിന്റെ അവഗണനയിൽ നശിക്കുന്നു. പാപ്പനംകോടിനെ മലയിൻകീഴുമായി ബന്ധിപ്പിക്കുന്ന പാലം ദിനം പ്രതി ശോച്യാവസ്ഥയിലേക്ക് കൂപ്പു കുത്തുകയാണ്. തിരുവിതാംകൂർ ഭരണകാലത്ത് നിർമ്മിച്ച പാലം മലയിൻകീഴ് ഭാഗത്തേക്ക് എത്തിച്ചേരുന്നതിനായാണ് നിർമ്മിച്ചത്. പഴയ കാലത്തെ തൊഴിലാളികളുടെ നിർമ്മാണ ശൈലിയുടെ ഭാഗമായ ആർച്ച് രൂപം ഈ പാലത്തിലുമുണ്ട്. കാലപ്പഴക്കം ചെന്നതോടെ പാലത്തിന്റെ കൈവരിയും ആർച്ചിലെ കരിങ്കല്ലും ചുടുകല്ലും ഇളകി വീഴാനാരംഭിച്ചു. കോൺക്രീറ്റ് കമ്പികൾ ദ്രവിച്ച് പുറത്തേക്ക് തള്ളിയ നിലയിലാണ്. ഒരു കാലത്ത് വിപുലമായ നെൽ കൃഷി നടത്തിയിരുന്ന പ്രദേശത്തേക്ക് നെയ്യാർ ഡാമിൽ നിന്നു വെള്ളം എത്തിച്ചിരുന്ന കനാലിന് കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പാപ്പനംകോട്, നേമം ഭാഗങ്ങളിൽ നിന്നു എത്തുന്ന വാഹനങ്ങൾക്ക് മൂക്കുന്നിമല, മലയിൻകീഴ്, കാട്ടാക്കട തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താനായി പാമാംകോട് വഴി എളുപ്പമാർഗമാണ്. മൂക്കുന്നിമലയിൽ കരസേനയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് സൈനിക വാഹനങ്ങൾ ഉൾപ്പെടെ നിരവധി ഭാരം കൂടിയ വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. അവഗണയുടെ തീവ്രത കൂടിയതോടെ പാലത്തിന്റെ ഇരുവശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിക്കഴിഞ്ഞു. പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചതായി പാലത്തിന് സമീപത്തെ ആട്ടോ സ്റ്റാൻഡ് ഡ്രൈഡർമാരും പരാതിപ്പെട്ടു. കൂടാതെ കനാലിനോട് ചേർന്ന് നിലവിൽ ഏലകൃഷി ആരംഭിച്ച സ്ഥലങ്ങളിൽ മാലിന്യം ഒഴുകിയെത്തി കൃഷി നശിക്കുന്നതായി കർഷകരും പരാതിപ്പെട്ടു. നൂറു വർഷത്തിൽ കൂടുതൽ പഴക്കമുള്ള പാലങ്ങളുടെ സംരക്ഷണത്തിനായി തിരഞ്ഞെടുത്ത സംസ്ഥാനത്തെ വിവിധ പാലങ്ങളുടെ പട്ടികയിൽ പാമാംകോട് പാലവും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ യാതൊരു നടപടിയും തുടങ്ങിട്ടില്ലത്രെ. പത്തു വർഷങ്ങൾക്ക് മുമ്പ് പൊതു മരാമത്ത് വകുപ്പ് പാലത്തിന്റെ ഒരു വശം വീതി കൂട്ടിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന പരാതിയും നിലനിൽക്കുകയാണ്. അടിയന്തിരമായി പാലം അറ്റകുറ്റപ്പണി നടത്തുകയോ പുനർനിർമ്മിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.