
കല്ലമ്പലം: ഞാറയിൽക്കോണം കുടവൂർ റോഡ് തകർന്നു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടും, ഒൻപതും വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഞാറയിൽക്കോണം- തെങ്ങുവിള - കുടവൂർ - താളിയോളം വഴി കുടവൂർ പള്ളി ലക്ഷംവീട് റോഡിൽ ചെന്ന് ചേരുന്ന ഒന്നര കിലോ മീറ്ററോളം ദൈർഘ്യമുള്ള റോഡാണ് തകർന്നത്.
എട്ടാം വാർഡിലെയും, ഒൻപതാം വാർഡിലെയും പഞ്ചായത്തംഗങ്ങളുടെ നിസഹകരണമാണ് റോഡ് ഈ നിലയിലാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
ചാവർ അപ്പൂപ്പൻ നടയിൽ നിത്യേന വന്ന് പോകുന്ന ഭക്തർ അപകടത്തിൽ പെടുന്നത് പതിവാണ്. കുടവൂർ ഏലായിൽ കൃഷിക്ക് ആവശ്യമായ ട്രാക്ടറും, കൊയ്ത്ത് മെതി യന്ത്രങ്ങളും, വളങ്ങളും മറ്റും എത്തിക്കുന്നതിനും റോഡിന്റെ തകർച്ച ബുദ്ധിമുട്ടുണ്ടാക്കുന്നു. ക്ഷേത്രത്തിനു സമീപമുള്ള റോഡിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ നൂറോളം ഇരുചക്രവാഹനങ്ങളാണ് നിയന്ത്രണം തെറ്റി വീണത്. ദമ്പതികളടക്കം മുപ്പതോളം പേർക്ക് പരിക്കേറ്റു.
പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷത്തോളം ചെലവിൽ ഒൻപതാം വാർഡിൽ റോഡിന്റെ കുറച്ചു ഭാഗം ഇരുന്നൂറോളം മീറ്റർ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയെങ്കിലും ബാക്കി ഭാഗം കൂടി കോൺക്രീറ്റ് ചെയ്യാത്തത് കൊണ്ട് ഇത് നാട്ടുകാർക്ക് പ്രയോജനമില്ലാതായി. ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലാണ്. ഇരുവാർഡിലെയും മെമ്പർമാർ മുൻകൈയെടുത്തു റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.