ഹരിപ്പാട്: കുരുന്നുകൾക്ക് പുതിയ സ്കൂൾ നിർമ്മിക്കാൻ അമ്മുമ്മമാരുടെ പുതുവർഷ സമ്മാനം. ചെറുതന ആനാരി പുതുശേരി എൽ.പി.എസ് പുനർനിർമിക്കുന്നത് അറിഞ്ഞ ഗാന്ധിഭവൻ സ്നേഹവീട്ടിലെ അമ്മമാരാണ് തങ്ങൾ നെയ്തുണ്ടാക്കിയ ഉല്പന്നങ്ങൾ വിറ്റ കാശ് നൽകാനൊരുങ്ങുന്നത്. ഗാന്ധിഭവൻ സ്‌നേഹവീട് കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ സ്‌നേഹവീട് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സഹായം നൽകിയത്. അമ്മമാർ കുഞ്ഞുങ്ങളോടൊപ്പം പുതുവത്സരാഘോഷത്തിൽ പാട്ട് പാടിയും നൃത്തം ചെയ്തും മിമിക്രി കാട്ടിയും കേക്ക് മുറിച്ചും സന്തോഷം പങ്കിട്ടു. അദ്ധ്യാപിക സിന്ധു ബലരാമൻ അദ്ധ്യക്ഷയായി. ഗാന്ധിഭവൻ സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ, സ്കൂൾ നിർമ്മാണ കമ്മിറ്റി സെക്രട്ടറി രാംകുമാർ, ഹരികുമാർ അനുപം, അദ്ധ്യാപകരായ മുഹമ്മദ് മുനീർ, സൗമ്യ ശശിധരൻ, സ്മിത, രമ്യ എന്നിവർ പങ്കെടുത്തു.