അരൂർ : വിവിധ വിശ്വാസങ്ങളിൽപ്പെട്ടവർ ഒത്തൊരുമയോടെ ലോകനന്മയ്ക്കായി പ്രവർത്തിക്കുന്ന കാഴ്ചയാണ് ശാന്തിഗിരിയിൽ കാണുന്നതെന്ന് എ.എം.ആരിഫ് എം.എൽ.എ പറഞ്ഞു. നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ ജന്മഗൃഹത്തിലേക്ക് നടന്ന 19-ാമത് ചോതി തീർത്ഥയാത്രാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു..ഫാദർ ജോൺസൺ കൂവേലി, ഹസൻ സഖാഫി, ജനനി വിജയ ജ്ഞാനതപസ്വിനി, ജനനി അഭേദാ ജ്ഞാന തപസ്വിനി, സ്വാമി ജ്യോതി ചന്ദ്രൻ ജ്ഞാന തപസ്വി, സ്വാമി ശരണ്യ പ്രകാശ ജ്ഞാന തപസ്വി, സ്വാമി ജനപ്രിയൻ ജ്ഞാനതപസ്വി, റിട്ട.ജസ്റ്റിസ് മുരളി ശ്രീധർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.പുഷ്പൻ, വി.എൻ ബാബു, അഡ്വ.വി.അമർനാഥ്, നൗഷാദ് കുന്നേൽ, എം.എൻ.നിഷ തുടങ്ങിയവർ സംസാരിച്ചു.രാവിലെ എരമല്ലൂർ ജംഗ്ഷനിൽ നിന്ന് ചന്തിരൂരിലെ ഗുരുവിന്റെ ജന്മഗൃഹത്തിലേക്ക് നടന്ന തീർത്ഥയാത്രയ്ക്ക് വിവിധ ആശ്രമങ്ങളിൽ നിന്നെത്തിയ സന്യാസിമാരും ജനനിമാരും നേതൃത്വം നൽകി. വാദ്യമേളങ്ങളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെയുള്ള തീർത്ഥയാത്രയിൽ രണ്ടായിരത്തിലധികം ഗുരുഭക്തർ പങ്കെടുത്തു. അരൂരിൽ നിന്ന് യുവജനങ്ങളുടെ നേതൃത്വത്തിൽ തീർത്ഥാടന സന്ദേശവുമായി ബൈക്ക് റാലിയും നടന്നു.