photo

ചേർത്തല : കേരളത്തെ ഇരുണ്ട യുഗത്തിലേയ്ക്ക് നയിക്കാനുള്ള വർഗീയ ശക്തികളുടെ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് വനിതാ മതിലിന്റെ ചരിത്ര വിജയമെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു.വനിതാ മതിലിന്റെ ഭാഗമായി ചേർത്തലയിൽ നടന്ന നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വനിതാമതിൽ സ്ത്രികളുടെ പങ്കാളിത്തം കൊണ്ട് കോട്ടയായിമാറി.കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമത്തിനെതിരെ സർക്കാർ സ്വീകരിച്ച നിലപാടുകൾക്ക് ഒപ്പം കേരളത്തിലെ വനിതകളുടെ മനസ് ഒന്നിച്ചണി ചേർന്നു.കേരളത്തിന്റെ മതനിരപേക്ഷ മനസിന്റെ പ്രതിഫലനമാണ് മതിലിൽ തെളിഞ്ഞതെന്നും തിലോത്തമൻ പറഞ്ഞു.മതിലുപൊളിക്കാൻ ശ്രമിച്ച പിന്തിരപ്പൻമാരെ കേരളം പുറം കാലിന് ചവിട്ടിയെന്ന് സമ്മേളനത്തിൽ സംസാരിച്ച വൈക്കം എം.എൽ.എ സി.കെ.ആശ പറഞ്ഞു.കോട്ടയം വനിതാ പ്രൊട്ടക്ഷൻ ഓഫീസർ പി.എൻ.ശ്രീദേവി വനിതാ മതിലിൽ പങ്കെടുത്തവർക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.യോഗത്തിൽ കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ കെ.പ്രസാദ് അദ്ധ്യക്ഷനായി.എസ്.എൻ.ഡി.പി യോഗം നേതാക്കളായ കെ.വി.സാബുലാൽ,എം.മധു,വി.എൻ.ബാബു,വിവിധ കക്ഷിനേതാക്കളായ ടി.കെ.ശശിധരൻ,പി.കെ.കൃഷ്ണൻ,സാബു,കോട്ടയം ഇൻഫർമേഷൻ ഓഫീസർ സിനി.കെ.തോമസ്,എൻ.എസ്.ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.