അമ്പലപ്പുഴ: തൊഴിലുറപ്പ് ജോലി ചെയ്യാതെ മസ്റ്റർ റോളിൽ ഒപ്പിടാനെത്തിയവരെ ചോദ്യം ചെയ്ത ബി.ജെ.പി വനിതാ പഞ്ചായത്തംഗത്തെ പ്രാദേശിക സി.പി.എം നേതാക്കൾ മർദ്ദിച്ചതായി പരാതി. പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡ് പുത്തൻ പറമ്പിൽ ബിന്ദു ഷാജിയാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. ബിന്ദുവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തിരുന്നവർ വനിതാ മതിലിൽ പങ്കെടുക്കരുതെന്ന് ബിന്ദു അറിയിച്ചിരുന്നു. എന്നാൽ വനിതാ മതിലിൽ പങ്കെടുത്ത ശേഷം ഒരു സംഘം സി.പി.എം വനിതാ പ്രവർത്തകർ മസ്റ്റർ റോളിൽ ഒപ്പിടാൻ എത്തിയത് താൻ തടഞ്ഞപ്പോൾ പ്രാദേശിക നേതാക്കൾ മർദ്ദിക്കുകയായിരുന്നെന്ന് ബിന്ദു പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.