ചേർത്തല : കുടുംബ പ്രശ്നത്തിൽ ഇടപെട്ടതിന്റെ പേരിൽ അയൽവാസിയെ യുവാവ് തലക്കടിച്ചു കൊന്നു. വയലാർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് മുക്കുടിത്തറ വാസുവിന്റെ മകൻ ജയൻ(42)ആണ് മരിച്ചത്. സംഭവത്തിൽ കൊല്ലപ്പള്ളിയിൽ വാടകവീട്ടിൽ താമസിക്കുന്ന ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് ഒളവക്കത്ത് വെളി(എ.എസ്.കനാൽ കോളനി) സുമേഷിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന സുമേഷ് മോഷണക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് മൂന്നുമാസം മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കളവംകോടം കൊല്ലപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന സുമേഷ് ഭാര്യ ശശികലയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇവർ തമ്മിൽ വഴക്കുണ്ടാകുമ്പോൾ അയൽവാസിയായ ജയൻ ഇടപെട്ടിരുന്നു. ഇതേപ്പറ്റി ജയനും സുമേഷും തമ്മിൽ തർക്കമുണ്ടാകുന്നതും പതിവാണ്. ഇന്നലെ പുലർച്ചെ സുമേഷ് വീട്ടിൽ വഴക്കുണ്ടാക്കിയപ്പോൾ ഭാര്യ അറിയിച്ചതിനെ തുടർന്ന് സ്‌കൂട്ടറിൽ എത്തിയ ജയനെ റോഡിൽവച്ച് സുമേഷ് ഇരുമ്പുവടികൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. തലക്കടിയേറ്റ് റോഡിൽ കിടന്ന ജയനെ ചേർത്തലയിൽ നിന്നും പൊലീസെത്തിയാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം രക്ഷപ്പെട്ട സുമേഷിനെ പട്ടണക്കാട് പൊലീസ് പിടികൂടി ചേർത്തല പൊലീസിന് കൈമാറുകയായിരുന്നു.
കൊല്ലപ്പെട്ട ജയൻ പത്രവിതരണക്കാരനും മരംവെട്ട് തൊഴിലാളിയുമാണ്.അവിവാഹിതനാണ്.
അമ്മ:ലീല.സഹോദരി:സിന്ധു.