തുറവൂർ :ഹർത്താലിനോടനുബന്ധിച്ച് തുറവൂരിലുണ്ടായ സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ രണ്ട് ബി ജെ പി പ്രവർത്തകർക്ക് പരിക്കേറ്റു. പട്ടണക്കാട് സ്വദേശി അനീഷ് (23) ,തുറവൂർ സ്വദേശി വിനോദ് (22) എന്നിവർക്കാണ് പരിക്കേറ്റത് .ഇരുവരും തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി . ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
ബി.ജെ.പി പ്രകടനത്തിൽ പങ്കെടുക്കാൻ തുറവൂരിലേക്ക് ബൈക്കിൽ വരുമ്പോൾ കവലയ്ക്ക് തെക്കുഭാഗത്തെ സി. പി.എം അരൂർ ഏരിയാകമ്മിറ്റി ഓഫീസിനു മുന്നിൽ തടഞ്ഞ് നിറുത്തി സി .പി .എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയും വടിവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു,.ഇതേ തുടർന്ന് സ്ഥലത്ത് തടിച്ചു കുടിയ ബി .ജെ. പി പ്രവർത്തകരും സി.പി. എം പ്രവർത്തകരും തമ്മിൽ ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു.ഇത് മണിക്കൂറുകളോളം നീണ്ടു. പിന്നീട് പൊലീസ് ഇടപെട്ട് ബി. ജെ. പി പ്രവർത്തകരെ സ്ഥലത്തു നിന്ന് മാറ്റിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവു വന്നത്.തുടർന്ന് ബി.ജെ.പി -ആർ .എസ് .എസ് പ്രവർത്തകർ പ്രകടനമായെത്തി ഏരിയാ കമ്മറ്റി ഓഫിസിന് സമീപത്തെയും ,തുറവൂർ കവലയിലേയും സി.ഐ.ടി.യു ചുമട്ട് തൊഴിലാളി ഓഫീസുകൾ പൊളിച്ച് തീയിട്ടു . തുറവൂർ ഗവ.ആശുപത്രിയുടെ മുൻവശത്ത് പ്രകടനമെത്തിയപ്പോൾ ബൈക്കിൽ സഞ്ചരിച്ച് മൊബൈലിൽ വീഡിയോ എടുത്ത ഒരു സി .പി .എം പ്രവർത്തകനെ ഹർത്താനുകൂലികൾ തടഞ്ഞു.ഇതിനിടെ പൊലീസിന്റെ ലാത്തിയടിയേറ്റ് തുറവൂർ സ്വദേശി വിഷ്ണു (25) വിന് പരിക്കേറ്റു .ദേശീയ പാതയിലും പ്രധാന റോഡരികിലും സ്ഥാപിച്ചിരുന്ന സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും ഫ്ളക്സ് ബോർഡുകളും കൊടിമരങ്ങളും ,ബാനറുകളും ഹർത്താലനുകൂലികൾ വ്യാപകമായി നശിപ്പിച്ചു .അന്ധകാരനഴിയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.