മാവേലിക്കര: എസ്.എഫ്.ഐ മാവേലിക്കര ഏരിയാ മുൻ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ തെക്കേക്കര കിഴക്ക് മേഖലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന തെക്കേക്കര കുറത്തികാട് മഠത്തിൽ വീട്ടിൽ റോബിൻ ചെറിയാന്റെ (31) വീട് ഇന്നലെ പുലർച്ചെ അടിച്ചു തകർത്തു. വീടിനു മുന്നിൽ നിരത്തിയിരുന്ന പൂച്ചട്ടികൾ എറിഞ്ഞുടക്കുകയും വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയും സ്‌കൂട്ടർ മറിച്ചിട്ട് കേടുവരുത്തുകയും ചെയ്തു. ആർ.എസ്.എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
വിദേശത്തു ജോലി ചെയ്തുവരികയായിരുന്ന റോബിൻ ഏതാനും നാളുകൾക്കു മുമ്പാണ് നാട്ടിലെത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.രാഘവൻ, അഡ്വ.ജി.ഹരിശങ്കർ, ഏരിയാ സെക്രട്ടറി കെ.മധുസൂദനൻ, ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റിയംഗം എം.എസ് അരുൺകുമാർ, അഡ്വ.ജി.അജയകുമാർ, ജി.അജയകുമാർ, തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വിശ്വനാഥൻ, എസ്.എഫ്.ഐ മാവേലിക്കര ഏരിയാ സെക്രട്ടറി എ.അക്ഷയ് എന്നിവർ റോബിന്റെ വീട് സന്ദർശിച്ചു. സംഭവത്തിൽ കുറത്തികാട് പൊലീസ് കേസെടുത്തു.