മാർച്ച് 31നകം പിഴവുകൾ തീർക്കണം
ആലപ്പുഴ: സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ മാർച്ച് 31നകം പിഴവുകൾ തീർത്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കാൻ മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷനായ നിയമസഭ വിഷയ സമിതി നിർദ്ദേശിച്ചു. മരാമത്തും ഗതാഗതവും വാർത്താവിനിമയവും സംബന്ധിച്ച വിഷയ സമിതി കളക്ടറേറ്റിൽ നടത്തിയ പ്രത്യേക യോഗത്തിലാണ് തീരുമാനം.
ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ളവ വരുമാന നികുതി അടയ്ക്കുന്നില്ലെന്ന പരാതികൾ വ്യാപകമായതിനാൽ ഇക്കാര്യം പരിശോധിച്ച് മൂന്നു മാസത്തിനകം റിപ്പോർട്ടു നൽകാൻ നികുതി വകുപ്പിനോടാവശ്യപ്പെടും. അനധികൃതമായി സർവീസ് നടത്തുന്ന ബോട്ടുകളും മറ്റും പിടിച്ചെടുത്ത് ക്രിമിനൽ കേസുൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കാൻ പൊലീസിനോട് സമിതി ആവശ്യപ്പെട്ടു. പ്രളയകാലത്ത് ജില്ലയിൽ രക്ഷാദൗത്യങ്ങൾക്ക് ഹൗസ് ബോട്ടുടമകളിൽ നിന്ന് വേണ്ടത്ര സഹായം ലഭിച്ചില്ലെന്ന് സമിതി അദ്ധ്യക്ഷൻ മന്ത്രി ജി.സുധാകരൻ ആരോപിച്ചു. കളക്ടർ ശാസിച്ചിട്ടും കാര്യമായ പ്രതികരണമുണ്ടായില്ല. ഒടുവിൽ അഞ്ചു ഹൗസ് ബോട്ടുകളുടെ ഉടമകളെ അറസ്റ്റു ചെയ്തശേഷമാണ് അല്പമെങ്കിലും അനുകൂല പ്രതികരണമുണ്ടായതെന്നും സുധാകരൻ പറഞ്ഞു.
വർഷത്തിൽ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടക്കുന്ന മേഖലയിൽ അനധികൃതമായി ധാരാളം യാനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവയ്ക്ക് ആവശ്യമായ ലൈസൻസ് നൽകി ഡിസംബർ 31നകം നിയമവിധേയമാക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതാണ്. എന്നാൽ അക്കാര്യത്തിലും നടപടിയുണ്ടായിട്ടില്ലെന്ന് സമിതി വിലയിരുത്തി. പരിസ്ഥിതി സംരക്ഷണം, അനധികൃത സർവീസ് എന്നീ കാര്യങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ടു. പ്രളയസമയത്ത് വേണ്ടത്ര സഹായം നൽകാതിരുന്നത് അനാസ്ഥയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യോഗത്തിൽ എം.എൽ.എമാരായ സി.എഫ്. തോമസ്, ജോൺ ഫെർണാണ്ടസ്, വി. അബ്ദു റഹിമാൻ, കെ.വി.അബ്ദുൾ ഖാദർ, അഡീഷണൽ ചീഫ് സെക്രട്ടറി (പോർട്ട്സ് ) എൻ. ഷംസുദ്ദീൻ, ആശ തോമസ്, കളക്ടർ എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുത്തു.
രജിസ്ട്രേഷനുള്ളവ 1529
സംസ്ഥാനത്ത് ഹൗസ് ബോട്ടുകൾ ഉൾപ്പെടെ വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ബോട്ടുകളും മറ്റും രജിസ്റ്റർ ചെയ്യുന്നത് ആറു ജില്ലകളിലുള്ള പോർട്ട് ഓഫീസുകളിലാണ്. കോട്ടയം, ആലപ്പുഴ ജില്ലകൾക്കായുള്ള ആലപ്പുഴ കേന്ദ്രത്തിൽ 759 ഹൗസ് ബോട്ട്, 391 മോട്ടോർ ബോട്ട്, 233 ശിക്കാര വള്ളം, 119 സ്പീഡ് ബോട്ട്, 22 മറ്റുള്ളവ ഉൾപ്പെടെ 1529 എണ്ണത്തിനാണ് രജിസ്ട്രേഷനുള്ളത്. പ്രാഥമിക പരിശോധന പൂർത്തിയാക്കിയത് 678 ബോട്ടുകളാണുള്ളത്.