ambalapuzha-news

അമ്പലപ്പുഴ: വനിതാ പഞ്ചായത്തംഗത്തെ മർദ്ദിച്ചവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റിനേയും സെക്രട്ടറിയേയും തൊഴിലുറപ്പു തൊഴിലാളികൾ ഉപരോധിച്ചു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്‌മത്ത് ഹാമിദിനെയും, സെക്രട്ടറി സജിയെയുമാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഉപരോധിച്ചത്.ഇന്നലെ രാവിലെ 11 ഓടെ ആയിരുന്നു ഉപരോധം. വനിതാ മതിലിൽ പങ്കെടുത്ത് തിരിച്ചു വന്നവരെ മസ്റ്റ് റോളിൽ ഒപ്പിടാൻ സമ്മതിക്കാതിരുന്നതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് ഏതാനും പുരുഷന്മാരെത്തി പതിനെട്ടാം വാർഡംഗം ബിന്ദു ഷാജിയെ മർദ്ദിച്ചത്. പരിക്കേറ്റ ബിന്ദു ഷാജി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്പലപ്പുഴ പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. പ്രതികളെ ഉടൻ പിടികൂടാമെന്ന് പൊലീസ് ഉറപ്പു നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.