 32 സീറ്റുള്ള 33 ലക്ഷത്തിന്റെ ബസ് നിരത്തിൽ

ആലപ്പുഴ: ജില്ലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ വാങ്ങിയ 32 സീറ്റുള്ള ആഡംബര ടൂറിസ്റ്റ് ബസിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചു. സുധാകരനും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ബോട്ടിലെ ആദ്യ വി.ഐ.പി യാത്രികരായി.

33 ലക്ഷത്തിനാണ് ഡി.ടി.പി.സി സ്വന്തമായി ബസ് വാങ്ങിയത്. ഇടുക്കി മൂന്നാർ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്രയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികളെയും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരെയും ലക്ഷ്യമിട്ടാണ് പുതിയ ബസ് വാങ്ങിയത്. വിദേശികൾ അടക്കമുള്ളവർക്ക് ആഡംബരമായി തന്നെ ആലപ്പുഴയുടെ കാഴ്ചകൾ കണ്ടറിയാം.

നിലവിൽ വിനോദ സഞ്ചാരികൾ സ്വകാര്യ വാഹനങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സർവീസ് ആരംഭിക്കുന്നതോടെ വിനോദ സഞ്ചാരികൾക്ക് മിതമായ നിരക്കിൽ യാത്രചെയ്യാൻ അവസരം ഒരുങ്ങും. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി പുതിയ വിനോദസഞ്ചാര പാക്കേജ് ആരംഭിക്കാനും ഡി.ടി.പി.സിക്ക് പദ്ധതിയുണ്ട്. മികച്ച എ.സി, പുഷ്ബാക്ക് സീറ്റുകൾ, എൽ.ഇ.ഡി ടെലിവിഷൻ, ഡി.ടി.എച്ച് സംവിധാനം തുടങ്ങി യാത്രക്കാർക്ക് സുഖകരമായ അനുഭവം നൽകുന്ന സംവിധാനങ്ങളാണ് ബസിലുള്ളത്.