 'ലക്ഷ്യ' ബോട്ടുകൾ സർവ്വീസ് തുടങ്ങി

ആലപ്പുഴ: ആലപ്പുഴ മൊബിലിറ്റി ഹബ് ടെൻഡർ നടപടികളിലേക്ക് കടക്കുകയാണെന്നും 700 കോടി അടങ്കൽ തുകയുള്ള പദ്ധതി പൂർത്തിയാകുന്നതോടെ ആലപ്പുഴയുടെ മുഖച്ഛായതന്നെ മാറുമെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ജലഗതാഗത വകുപ്പ് പുതുതായി നിർമ്മിച്ച് നീറ്റിലിറക്കിയ അഞ്ച് അത്യാധുനിക യാത്രാ ബോട്ടുകളുടെയും (ലക്ഷ്യ) കൈനകരി സർക്കുലർ സർവീസിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ആലപ്പുഴയിലെ കെ.എസ്.ആർ.ടി.സി, വാട്ടർ ട്രാൻസ്‌പോർട്ട് എന്നിവയെ യോജിപ്പിച്ച് അത്യാധുനിക സൗകര്യങ്ങൾ മൊബിലിറ്റി ഹബ്ബിൽ ഒരുക്കുമെന്നും സുധാകരൻ പറഞ്ഞു. മൂന്നുമാസത്തിനകം വാട്ടർ ടാക്‌സികൾ ആരംഭിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഒമ്പത് കാറ്റമറൈൻ ബോട്ടുകൾ നിർമ്മാണ ഘട്ടത്തിലാണ്. രണ്ടുനിലയുള്ള സോളാർ ക്രൂയിസ് ബോട്ട് നിർമ്മാണം ഏപ്രിലിൽ പൂർത്തിയാക്കും. എറണാകുളം -ചവറ ജല ചരക്കുഗതാഗതത്തിന് പഠനം നടക്കുന്നുണ്ട്. കൈനകരിക്കാർക്കുള്ള നവവത്സര സമ്മാനമാണ് സർക്കുലർ ബോട്ട് സർവീസ് എന്നും മന്ത്രി പറഞ്ഞു.

കുപ്പപ്പുറം, പാണ്ടിച്ചേരി, കൈനകരി, കുട്ടമംഗലം, വേണാട്ടുകാട്, ചേന്നങ്കരി എന്നിവിടങ്ങളിൽ പുതിയ സർവീസ് ഏറെ പ്രയോജനപ്പെടും. ആലപ്പുഴയിൽ നിന്നു കൈനകരി റോഡ് മുക്കിൽ എത്തിച്ചേരുന്ന ബസുകളുടെ സമയക്രമം അനുസരിച്ചാണ് ബോട്ടിന്റെ സമയം ക്രമീകരിച്ചിട്ടുള്ളത്. അഞ്ച് ആധുനിക സൗകര്യങ്ങളുള്ള സ്റ്റീൽ ബോട്ടുകൾക്ക് ഓരോന്നിനും ഒരുകോടി രൂപ ചെലവ് വന്നു. ഒരേസമയം 75 പേർക്ക് സഞ്ചരിക്കാവുന്ന ലക്ഷ്യ ബോട്ടുകളിൽ യാത്ര സുഖകരമാക്കാൻ ആധുനിക സീറ്റുകൾ, ശബ്ദവും ഉലച്ചിലും കുറഞ്ഞ എൻജിൻ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത് . അത്യാധുനിക സുരക്ഷാ ഉപകരണങ്ങളുമുണ്ട്. അനുകൂല സാഹചര്യത്തിൽ 16 കിലോമീറ്റർ വേഗത്തിൽ ഈ ബോട്ടുകൾക്ക് സഞ്ചരിക്കാൻ കഴിയും. ബയോടോയ്‌ലറ്റ് സൗകര്യവുമുണ്ട്. കളക്ടർ എസ്.സുഹാസ്, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി ബി.നായർ, നഗരസഭാംഗം ഡി.ലക്ഷ്മണൻ, സിൽക്ക് മാനേജിംഗ് ഡയറക്ടർ ചന്ദ്രബോസ്, ട്രാഫിക് സൂപ്രണ്ട് സത്യൻ എന്നിവർ സംസാരിച്ചു.