ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു
ചാരുംമൂട് : അച്ചൻ കോവിലാറ്റിലെ നഞ്ചു കലക്കിയുള്ള മീൻപിടിത്തം ഭീഷണിയാകുന്നു. മത്സ്യ സമ്പത്ത് നശിക്കുന്നതിനൊപ്പം ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുകയാണ് ഇത്തരത്തിലുള്ള മീൻപിടിത്തം. നഞ്ചു കലക്കിയതിനെ തുടർന്ന് ടൺ കണക്കിന് ചെറുമത്സ്യങ്ങളാണ് ചത്തു പൊങ്ങിയത്.
അച്ചൻകോവിലാറ്റിൽ ഇടപ്പോൺ ശാർങക്കാവ് കടവിനു കിഴക്കും പടിഞ്ഞാറുമായാണ് ചെറു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത്. പാറ്റൂർ കുടിവെള്ള സംഭരണിയിലേക്ക് പമ്പിംഗ് നടക്കുന്ന ഭാഗത്തും മത്സ്യങ്ങൾ ചത്തുപൊങ്ങിയിട്ടുണ്ട്.
മത്സ്യങ്ങളുടെ അവശിഷ്ടങ്ങളും പാറ്റൂർ ജലസംഭരണിയിലേക്ക് ഒഴുകി എത്തുന്നതായി ആക്ഷേപമുണ്ട്. ചുനക്കര ,താമരക്കുളം, നൂറനാട്, പാലമേൽ പഞ്ചായത്തുകളിലേക്ക് കുടിവെള്ള വിതരണം നടത്തുന്നത് ഇവിടെ നിന്നുമാണ്. നഞ്ചുകലക്കിയ വിഷമയമായ വെള്ളവും ചത്തുചീർത്ത ചെറു മത്സ്യങ്ങളുടെ അവശിഷ്ടങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നു ജനം ഭയപ്പെടുന്നു.
ഇടപ്പോണിൽ അച്ചൻകോവിലാറ്റിന്റെ തെക്കേക്കരയിൽ സ്ഥാപിച്ചിട്ടുള്ള മുറിഞ്ഞപ്പുഴ ലിഫ്റ്റ് ഇറിഗേഷന്റെ പമ്പിംഗ്ഹൗസിൽ വെള്ളം പമ്പ് ചെയ്യുന്ന ഭാഗത്തും മത്സ്യങ്ങൾ ചത്ത് അടിഞ്ഞു കൂടിയിട്ടുണ്ട്. മത്സ്യങ്ങൾ ചീഞ്ഞു തുടങ്ങിയതോടെ അസഹ്യമായ ദുർഗന്ധമാണ് ഇവിടെ അനുഭവപ്പെടുന്നത്. പൊരുങ്ങാലി പുഞ്ചയിലെ കൃഷി ആവശ്യത്തിനുള്ള വെള്ളം ഇവിടെ നിന്നാണ് പമ്പ് ചെയ്യുന്നത്. വെള്ളത്തിനോടൊപ്പം ചത്ത മത്സ്യങ്ങളും പുഞ്ചയിലേക്ക് ഒഴുകിയെത്തുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നു നാട്ടുകാർ ഭയക്കുന്നു. വെണ്മണി ഏറം, പുന്തല ഭാഗത്തുള്ളവരാണ് നഞ്ചുകലക്കി മീൻ പിടിച്ചതിനു പിന്നിലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
വെണ്മണി, നൂറനാട് ഗ്രാമപഞ്ചായത്ത് അധികാരികളും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും,പോലീസും, വാട്ടർ അതോർട്ടി അധികാരികളും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.