പൂച്ചാക്കൽ : ലൈഫ് മിഷൻ പദ്ധതിയിലെ വീടുകൾക്കുള്ള കോൺക്രീറ്റ് കട്ടകൾ പെൺകരുത്തിലൊരുങ്ങുന്നു. ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് കട്ടകൾ നിർമ്മിക്കുന്നത്.
ഗ്രാമപഞ്ചായത്താണ് കോൺക്രീറ്റ് കട്ട നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നത്. ഇവിടെ നിർമ്മിക്കുന്ന കട്ടകൾ പാവപ്പെട്ടവർക്ക് വീട് നിർമ്മാണത്തിന് സൗജന്യമായി നൽകും. 40 ഓളം കുടുംബശ്രീ പ്രവർത്തകരാണ് കട്ട നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നത്.
കുടുംബശ്രീയും തൊഴിലുറപ്പു പദ്ധതിയും ലൈഫ് പദ്ധതിയും ചേർന്നുള്ള കൂട്ടായ്മമയിലാണ് ഇതിന്റെ പ്രവർത്തനം. പഞ്ചായത്തിൽ 289 കുടുംബങ്ങൾക്കാണ് ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമ്മിക്കുന്നത്. ഒരു വീടിന് 500 കോൺക്രീറ്റ് കട്ടകൾ വീതം തൊഴിലുറപ്പ് തൊഴിലാളികൾസൗജന്യമായി നിർമ്മിച്ചു നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ പറഞ്ഞു. കട്ടകളുടെ നിർമ്മാണത്തിനായി രണ്ട് യൂണിറ്റുകളാണ് ഉള്ളത്. കട്ടയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ടെൻഡർ നൽകിയാണ് പഞ്ചായത്ത് വാങ്ങുന്നത്. രണ്ട് സ്ഥലങ്ങളിലായി 40 സ്ത്രീ തൊഴിലാളികളെയും രണ്ട് വിദഗ്ദ്ധ തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനം. രണ്ട് യൂണിറ്റുകളിലും കൂടി ഒരുദിവസം ഒരു ദിവസം ആയിരത്തോളം കട്ടകൾ നിർമ്മിക്കാനാവും.
നിർമ്മാണമേഖലക്ക് ഉണർവേകാൻ കുടുംബശ്രീ പ്രവർത്തകർക്ക് കഴിയും. അടിത്തറ മുതൽ പെയിന്റിംഗ് വരെയുള്ള വീട് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ കുടുംബശ്രീയുടെ പങ്കാളിത്തം ഉറപ്പിക്കാനാകും
കെ.എസ് ബാബു , പഞ്ചായത്തംഗം