നിരോധിത കീടനാശിനിയുടെയും വളങ്ങളുടെയും ഉപയോഗം പെരുകുന്നു
ആലപ്പുഴ:ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുയർത്തിയതിനെത്തുടർന്ന് നിരോധിക്കപ്പെട്ട കീടനാശിനികളും വളങ്ങളും കാർഷിക രംഗത്ത് വീണ്ടും സജീവമാകുന്നു. കർഷകരുടെയും പാടശേഖര സമിതികളുടെയും ലാഭക്കണ്ണും അധികൃതരുടെ നിസംഗതയും ഒന്നിക്കുന്നതോടെ കാർഷിക വിഭവങ്ങളിൽ വീണ്ടും വിഷം കലരുകയാണ്.
കുട്ടനാടൻ പാടശേഖങ്ങളിലാണ് വ്യാപകമായി ഇത്തരം കീടനാശിനികളും മറ്റും പ്രയോഗിക്കുന്നത്. പാലക്കാട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനികളും വളങ്ങളുമാണ് ജില്ലയിലും പരീക്ഷിക്കുന്നത്. ലാഭം പ്രതീക്ഷിച്ചാണ് കർഷകരും പാടശേഖര സമിതിയും വളക്കമ്പനികളുടെ വാഗ്‌ദാനങ്ങളിൽ വീഴുന്നത്. മുൻപ് കൃഷിവകുപ്പ് വിത്തും വളവും നൽകിയിരുന്നു. എന്നാൽ ഗുണനിലവാരം പോരായെന്ന ആരോപണമുയർന്നതിനെത്തുടർന്നാണ് 2012 മുതൽ കർഷകർ തന്നെ വളം വാങ്ങിയതിനുശേഷം ബില്ലുകൾ നൽകുന്നതിനനുസരിച്ച് പണം നൽകിപ്പോന്നത്.
വളങ്ങളുടെയും മറ്റും ഗുണനിലവാരം പരിശോധിക്കുന്നതിന് ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകൾക്ക് ഒരു ടീമാണ് നിലവിലുള്ളത്. ഇതുമൂലം നിശ്ചിത സമയങ്ങളിൽ പരിശോധന നടത്താൻ കഴിയാതെ വരുന്നു.
മനുഷ്യ ശരീരത്തിന് ഏറെ ദോഷമുണ്ടാക്കുന്നെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആട്ടിപ്പായിച്ച ഗ്രാമസോൺ, ഫുറഡാൻ എന്നിവയുടെ ഉപയോഗമാണ് ജില്ലയിൽ വ്യാപകമായിട്ടുള്ളത്. സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയ കീടനാശിനികളും മറ്റും തമിഴ്നാട്ടിൽ നിന്നാണ് ജില്ലയിലെ ഒട്ടുമിക്ക മരുന്നുകടകളിലേക്കും എത്തുന്നത്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പല സമയങ്ങളിലും പരിശോധനകളുണ്ടാകാറില്ലെന്ന് കർഷകർ പറയുന്നു.
വിഷം കടത്ത് പച്ചക്കറി ലോറികളിൽ
തമിഴ്നാട്ടിൽ 150-200 രൂപയ്ക്കു ലഭിക്കുന്ന കളനാശിനികളും കീടനാശിനികളും 450-500 രൂപയ്ക്കാണ് കുട്ടനാട്ടിലെ കർഷകർക്കിടയിൽ വിൽക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയും തണ്ണിമത്തൻ ഉൾപ്പെടെയുള്ള പഴവർഗങ്ങളും കൊണ്ടുവരുന്ന ലോറികളിലാണ് നിരോധിത വിഷങ്ങൾ വ്യാപകമായി എത്തിക്കുന്നത്. സ്പിരിറ്റ് കൊണ്ടുവരുന്നതുപോലെ വലിയ കന്നാസുകളിലാണ് ഇവ എത്തിക്കുന്നത്. ഇവ കടകളിൽ സൂക്ഷിക്കാതെ സ്ഥിരമായി വാങ്ങുന്ന കർഷകൾക്ക് മാത്രമാണ് നൽകുന്നത്.
നിരോധിത വളങ്ങളും കീടനാശിനികളം കർഷകരിലെത്തിക്കാൻ കമ്പനികളുടെ ഏജന്റുമാരും രംഗത്തുണ്ട്. വീടുകളിലെത്തി വിലപേശി കച്ചവടം ഉറപ്പിച്ചശേഷം കർഷകർ പറയുന്നിടത്ത് കളനാശിനികളും കീടനാശിനികളും എത്തിച്ചുകൊടുക്കുകയാണ് പതിവ്.
പരിശോധന മുറപോലെ
നിരോധിത വളങ്ങളും കീടനാശിനികളും ജില്ലയിൽ പരിശോധിക്കാൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ജില്ലയിലേക്കുള്ള വാഹനങ്ങൾ പരിശോധിക്കുന്നതിൽ പൊലീസ് കാണിക്കുന്ന ജാഗ്രതക്കുറവാണ് കീടനാശിനികളും മറ്റും വ്യാപകമായി എത്താൻ കാരണം.
''കാർഷിക മേഖലയിൽ പരിശോധനകൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേൽനോട്ടത്തിലാണ് കീടനാശിനി ഉപയോഗത്തിന്റെയും മറ്റും പരിശോധനകൾ നടക്കുന്നത്. കൃഷി ഒാഫീസർമാരും പരിശോധനകൾ നടത്തുന്നുണ്ട്.
ബീനാ നടേശൻ, പ്രിൻസിപ്പൽ കൃഷി ഒാഫീസർ