muttar

കുട്ടനാട് : നീരൊഴുക്കുള്ള പൊതുതോട് നികത്തിയെടുക്കാൻ സ്വകാര്യ വ്യക്തിയുടെ ശ്രമമെന്ന് പരാതി. തലവടി പഞ്ചായത്ത് ഒന്നാം വാർഡിൽ തലവടി - മുട്ടാർ പഞ്ചായത്തുകളെ തമ്മിൽ വേർതിരിക്കുന്ന അർത്തിശ്ശേരി-കൈതത്തോട് കൈയേറാനാണ് ശ്രമം.

അർത്തിശ്ശേരി കാരിക്കുഴിയിൽ അട്ടിയിൽ ഭാഗത്ത് നൂറ് മീറ്ററോളം ദൈർഘ്യത്തിൽ വലിയ തെങ്ങിൻകുറ്റികൾ അടിച്ച് താഴ്ത്തി മണ്ണിട്ട് നികത്താൻ നീക്കം നടക്കുന്നതായി പ്രദേശവാസികൾ റവന്യൂ അധികൃതർക്ക് പരാതി നൽകി..വർഷങ്ങളായി ചർച്ച് ഒഫ് ഗോഡ് പെന്തക്കോസ്ത് പള്ളി, 162 ഏക്കറുള്ള പേരില്ലാമരം പാടശേഖരം തുടങ്ങിയിടങ്ങളിലേക്കും പതിനഞ്ചോളം വീട്ടുകാരുടെയും ഏക പൊതു വഴി ഈ തോടിനോട് ചേർന്നാണുള്ളത്. എന്നാൽ നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയും നീരൊഴുക്ക് തടസപ്പെടുത്തിയുമാണ് വൻതോതിൽ പൊതുജലാശയം നികത്തിയെടുക്കാൻ നീക്കമെന്നാണ് പരാതിയിലുള്ളത്.

മുടക്കമില്ലാതെ എല്ലാ കൃഷി സീസണുകളിലും കൃഷി നടക്കുന്ന ഈ പാടത്ത് വിത്ത്,വളംഎന്നിവ പാടശേഖരത്തിൽ എത്തിക്കാനുള്ള ഏകമാർഗ്ഗവും ഈ നടവഴി അടയുന്നതോടെ ഇല്ലാതാവും. അടുത്തിടെ പേരില്ലാമരം പാടശേഖരത്തിൽ രണ്ടര ഏക്കറോളം നിലം നികത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് നീരൊഴുക്കുള്ള ജലാശയവും നികത്തിയെടുക്കാൻ ശ്രമിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.