ആലപ്പുഴ: ബി.എസ്.എൻ.എൽ 4ജി സേവനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. ചേർത്തല മുതൽ അമ്പലപ്പുഴ വരെയുള്ള മേഖലയിൽ 4ജി സേവനങ്ങളുടെ ഉദ്ഘാടനം ഇന്നലെ കെ.സി. വേണുഗോപാൽ എം.പി നിർവഹിച്ചു. ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ഡോ. പി.ടി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ടെലികോം ഉപദേശകസമിതി അംഗങ്ങളായ അഡ്വ. എസ്. ശരത്, ജെയിംസ് ചിങ്കുത്തറ, ബി.എസ്.എൻ.എൽ മൊബൈൽ സർവീസസ് ജനറൽ മാനേജർ സതീഷ് റാം, ജില്ലാ ജനറൽ മാനേജർ സി. മനോജ് എന്നിവർ പങ്കെടുത്തു.

അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല മേഖലകളിൽ നിലവിലുള്ള 92 3ജി ടവറുകൾ 4ജിയിലേക്ക് മാറ്റിക്കൊണ്ടാണ്പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ ബി.എസ്.എൻ.എൽ ആദ്യമായാണ് 4ജി സേവനങ്ങൾ ലഭ്യമാക്കുന്നത്. കുട്ടനാടിന്റെ കിഴക്കൻ മേഖലകളിലും മാവേലിക്കരയിലും 4ജി സേവനങ്ങൾ ലഭ്യമാക്കുവാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ 4ജി ഉപകരണങ്ങൾ എത്തുന്ന മുറക്ക് ഇവിടങ്ങളിലും സേവനങ്ങൾ ലഭ്യമാക്കും. വേഗതയാർന്ന ഡൗൺലോഡിംഗിനൊപ്പം കൂടുതൽ മികച്ച ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ് എന്നിവ ഉപഭോക്താക്കൾക്ക് 4ജി സേവനത്തിലൂടെ ലഭ്യമാകും. ബി.എസ്.എൻ.എൽ 4ജി സേവനങ്ങൾ നടപ്പാക്കുന്ന മേഖലകളിലുള്ള നിലവിലുള്ള ഉപഭോക്താക്കൾക്ക് അടുത്തുള്ള ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററുകൾ, ടെലിഫോൺ എക്സ്ചേഞ്ചുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി കൈവശമുള്ള 3ജി/2ജി സിം കാർഡുകൾ മാറി 4ജി സിം ആക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.