ജീവനക്കാർക്ക് ഭീഷണിയായി ലിഫ്റ്റുകൾ
ആലപ്പുഴ: മിനി സിവിൽ സ്റ്റേഷനിലെ അഞ്ചുനില കെട്ടിടത്തിലുള്ള 'ആളെക്കുടുക്കി' ലിഫ്റ്റുകൾ ജീവനക്കാർക്കും, ഒപ്പം വിവിധ ആവശ്യങ്ങൾക്കെത്തുന്ന ആളുകൾക്കും ഭീഷണിയാവുന്നു. വൈദ്യുതി മുടങ്ങിയാൽ ആ നിമിഷം ലിഫ്റ്റ് പണിമുടക്കും. പിന്നെ, ഫയർഫോഴ്സുകാരുടെ പണിയാണ് ആളുകളെ എങ്ങനെയെങ്കിലും പുറത്തെത്തിക്കുക എന്നത്!
ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം പുന്നമട റോഡിനോടു ചേർന്ന് കോടികൾ മുടക്കി നിർമ്മിച്ച ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് ദുരവസ്ഥ, ഉദ്ഘാടന നാളുതൊട്ട് തുടങ്ങിയതാണ്. ആദ്യഘട്ടത്തിൽ, വൈദ്യുതി മുടങ്ങുമ്പോൾ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ലിഫ്റ്റ് വീണ്ടും ഓപ്പറേറ്റ് ചെയ്തിരുന്നത്. പക്ഷേ, ഇപ്പോൾ നിലവിലുള്ള ജനറേറ്റർ മുഖേന ലിഫ്റ്റ് പ്രവർത്തിപ്പിക്കാനാവുന്നില്ല. വൈദ്യുതി മുടങ്ങിയാലും ലിഫ്റ്റ് മുടങ്ങരുതെന്നാണ് ജീവനക്കാരുടെ അപേക്ഷ. അഞ്ചു നിലകളുള്ള കെട്ടിടം കയറിയിറങ്ങുകയെന്നത് അത്ര സുഖമുള്ള ഏർപ്പാടല്ലെന്നും 'അനുഭവസ്ഥർ' സാക്ഷ്യപ്പെടുത്തുന്നു!
വിവിധ ഒാഫീസുകളുടെ പ്രവർത്തനം ഏകീകരിക്കുന്നതിനാണ് അഞ്ചുനിലകളുള്ള മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചത്. നിർമ്മാണത്തിന്റെ ഭാഗമായിത്തന്നെ രണ്ടു ലിഫ്റ്റുകൾ ഒരുക്കിയിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചുകൊണ്ടിരുന്ന 34 ഒാഫീസുകൾ മിനിസിവിൽ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. 450 ഒാളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിനാളുകളാണ് ദിവസേനയെത്തുന്നത്. പൊതുജനങ്ങൾ കൂടുതലായി എത്തുന്ന താലൂക്ക് സപ്ലൈ ഒാഫീസ് അഞ്ചാം നിലയിലും ഫിഷറീസ് ഒാഫീസ് നാലാം നിലയിലുമാണ്. പൊതുമരാമത്ത് എൻജിനിയർ ചെയർമാനായുള്ള കമ്മിറ്റിയാണ് സിവിൽ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. വൈദ്യുതി ഉപയോഗത്തിന്റെ ഒരു വിഹിതം അതത് ഓഫീസുകളാണ് അടയ്ക്കേണ്ടത്.
ജനറേറ്ററിന് ആളില്ല
മിനി സിവിൽ സ്റ്റേഷനിൽ ജനറേറ്റർ സംവിധാനമുണ്ടെങ്കിലും ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ സംവിധാനം നിലവിലില്ല. ജനറേറ്റർ പ്രവർത്തിപ്പിക്കണമെങ്കിൽ പ്രത്യേക ജീവനക്കാരനും ആവശ്യമായ ഡീസലും വേണം. വൈദ്യുതി ഉപഭോഗത്തിന്റെ പണം ഒാഫീസുകൾ വഹിക്കുന്നതുപോലെതന്നെ ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള ഡീസലിനു പണം കണ്ടെത്തണമെന്നാണ് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം പറയുന്നത്.