മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ശ്രീനാരായണ പഠനകേന്ദ്രത്തിലെ ആദ്യ ക്ലാസിന്റെ ഉദ്ഘാടനം യൂണിയൻ ഓഫീസ് ഹാളിൽ കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ നിർവ്വഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.അനിൽരാജ്, യൂണിയൻ കൗൺസിലർ ഡോ.പി.ബി സതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തേയും ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയാണ് സൗജന്യ പഠനക്ലാസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പഠനയാത്രകൾ, സത്സംഗങ്ങൾ, ആദ്ധ്യാത്മിക പഠന ശിബിരങ്ങൾ, സംസ്‌കൃത ക്ലാസുകൾ എന്നിവയും നടത്തും.