ambalapuzha-news
എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം പുറപ്പെടുന്നു.

 ഭക്തിനിർഭര യാത്രയയപ്പ്

അമ്പലപ്പുഴ: എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ രഥഘോഷയാത്രയായി പുറപ്പെട്ടു. കഴിഞ്ഞ ദിവസം നഗരപ്രദക്ഷിണം നടത്തി അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് തിരികെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി വിശ്രമിച്ച ശേഷം ഇന്നലെ രാവിലെ ക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾ തെളിയിച്ച് പ്രത്യേക വഴിപാടുകളും നടത്തിയാണ് 300 ഓളം വരുന്ന അയ്യപ്പസ്വാമിമാർ പുറപ്പെട്ടത്.

നൂറു കണക്കിന് ഭക്തർ ശരണം വിളികളോടെ പേട്ട സംഘത്തിന് യാത്രയയപ്പു നൽകി. 11നാണ് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ. വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി സംഘടനകളുടെ സ്വീകരണങ്ങളും ഏറ്റുവാങ്ങിയാണ് രഥഘോഷയാത്ര കടന്നു പോകുന്നത്. അമ്പലപ്പുഴ ക്ഷേത്രത്തിൽ 50 ദിവസത്തെ അന്നദാനവും വിവിധ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ആയി 19 ആഴിപൂജയും സംഘം നടത്തിയിരുന്നു. പേട്ടതുള്ളലിനു ശേഷം എരുമേലി ക്ഷേത്രത്തിലും ആഴിപൂജ നടത്തും. ശബരിമല ദേവപ്രശ്ന വിധി പ്രകാരം സന്നിധാനത്തും മാളികപ്പുറത്തും സമർപ്പിക്കാനുള്ള 2 ഭദ്രദീപ വിളക്കുമായാണ് രഥഘോഷയാത്ര പുറപ്പെട്ടത്. 11ന് അമ്പലപ്പുഴയിലെ ഉച്ചപൂജയ്ക്കു ശേഷം ഭഗവാൻ ഗരുഡാരൂഢനായി എഴുന്നള്ളുന്നുവെന്ന് വിശ്വസിക്കുന്ന കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ട ശേഷമേ ചെറിയമ്പലത്തിൽ നിന്നു പേട്ട തുള്ളൽ തുടങ്ങൂ. ചെറിയമ്പലത്തിൽ നിന്നിറങ്ങി വാവർ പള്ളിയിലെത്തി വാവർ പ്രതിനിധിയേയും ഒപ്പം കൂട്ടി പേട്ട സംഘം വലിയമ്പലത്തിലെത്തും. ദേവസ്വം ഭാരവാഹികൾ സ്വീകരിച്ച് ക്ഷേത്ര പ്രദക്ഷിണം ചെയ്ത് നമസ്കാരം നടത്തുന്നതോടെ എരുമേലി പേട്ടതുള്ളലിന് സമാപനമാകും. സംഘം പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി എൻ.മാധവൻകുട്ടി നായർ തുടങ്ങിയവരാണ് രഥഘോഷയാത്രയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.