മകരം തിരുനാൾ കൊടിയേറ്റ് 10ന്
ചേർത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസലിക്കയിലെ 373-ാമത് മകരം തിരുന്നാളിന് പത്തിന് കൊടിയേറും. ഒരുക്കങ്ങൾ പൂർത്തിയായതായി റെക്ടർ ഫാ. ക്രിസ്റ്റഫർ എം.അർത്ഥശേരിൽ, സഹവികാരി ഫാ. ജോബിൻ ജോസഫ് പനയ്ക്കൽ, ട്രസ്റ്റിമാരായ ബെന്നി ജോയി അരേശേരിൽ, സൈറസ് കോയിൽപ്പറമ്പിൽ, സുനിൽ ബനിയാച്ചൻ, മറ്റ് ഭാരവാഹികളായ കെ.ജി നെൽസൺ, സാബു ജോൺ, സജിത്ത് വർക്കി, ജോസഫ് പുളിക്കൻ, സാംസൺ കൊട്ടാപ്പള്ളി തുടങ്ങിയവർ പറഞ്ഞു.
തിരുന്നാളിന് മുന്നോടിയായി നാളെ വരെ വൈകിട്ട് അഞ്ചിന് നൊവേന, ദിവ്യബലി, 6.30നും എട്ടിനും തിരുനാൾ ഒരുക്കധ്യാനം എന്നിവ നടക്കും. കൊടിയേറ്റ് ദിനമായ പത്തിന് ഉച്ചയ്ക്ക് 2.30ന് പാലായിൽ നിന്നുള്ള പതാക പ്രയാണം ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ എത്തിച്ചേരും. മൂന്നിന് അർത്തുങ്കലിലേക്ക് പതാക പ്രയാണം ആരംഭിക്കും. വൈകിട്ട് 6.30ന് ജപമാല, ഉദ്യാന ആശീർവാദം, കൊടിയേറ്റ്, ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി. ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂഖ്യകാർമികത്വം വഹിക്കും. ആലപ്പുഴ രൂപത സഹായ മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ സുവിശേഷ പ്രസംഗം നടത്തും. ഇറ്റലി ചെസേന രൂപത മെത്രാൻ ഡോ. ഡഗ്ലസ് റൊഗാത്തേരി പങ്കെടുക്കും.
11ന് രാവിലെ 5.30നും ഏഴിനും ദിവ്യബലിയും വൈകിട്ട് ആറിന് ആഘോഷമായ ദിവ്യബലി. സാംസ്കാരിക ദിനമായ 12 ന് വൈകിട്ട് ഏഴിന് മന്ത്രി പി. തിലോത്തമൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. പയസ് ആറാട്ടുകുളം അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം സാജൻ പള്ളുരുത്തി കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ ബോധന ദിനമായ 13ന് വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനം മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ റിട്ട.ജസ്റ്റിസ് ആന്റണി ഡോമിനിക് ഉദ്ഘാടനം ചെയ്യും. 18ന് രാവിലെ അഞ്ചിന് പ്രസിദ്ധമായ തിരുസ്വരൂപ നടതുറക്കൽ. തിരുനാൾ ദിനമായ 20ന് പുലർച്ചെ 5.30നും ഏഴിനും ഒൻപതിനും ദിവ്യബലി, 11ന് ആലപ്പുഴ രൂപത സഹായ മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി. വൈകിട്ട് മൂന്നിന് ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ മോൺ. പയസ് ആറാട്ടുകുളം കാർമികത്വം വഹിക്കും. വൈകിട്ട് 4.30ന് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. 21ന് ദൈവദാസൻ മോൺ. റെയ്‌നോൾഡ് പുരയ്ക്കൽ, അനുസ്മരണ ദിനം. 26 ന് ധന്യ മദർ ഫെർണാണ്ട റിവ അനുസ്മരണ ദിനം. കൃതജ്ഞതാ ദിനമായ 27ന് വൈകിട്ട് മൂന്നിന് ആഘോഷമായ തിരുനാൾ സമൂഹബലി, 4.30ന് തിരുനാൾ പ്രദക്ഷിണം, രാത്രി 10.30 ന് കൃതജ്ഞതാ സമൂഹബലി, ഫാ. പയസ് മോഹൻ പറയകാട്ടിൽ കാർമികത്വം വഹിക്കും. തിരുസ്വരൂപ വന്ദനം, 12 ന് തിരുസ്വരൂപ നടയടയ്ക്കൽ, തുടർന്ന് കൊടിയിറക്കൽ.