മാവേലിക്കര: മാവേലിക്കരയിൽ സി.പി.എം പ്രവർത്തകന്റെ വീടിനു നേർക്ക് അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞു. മതിലിൽ തട്ടി പൊട്ടിയതിനാൽ നാശനഷ്ടങ്ങളില്ല.
കാട്ടുവള്ളിൽ ക്ഷേത്രത്തിന് തെക്ക് ഈരേഴ വടക്ക് ശ്രീവത്സത്തിൽ ആർ.ഗോപാലകൃഷ്ണന്റെ വീടിനു നേർക്ക് തിങ്കളാഴ്ച രാത്രി 11ന് ശേഷമാണ് ബോംബേറുണ്ടായത്. പഞ്ചായത്ത് അസി.സെക്രട്ടറിയായി കഴിഞ്ഞ വർഷം വിരമിച്ച ഗോപാലകൃഷ്ണൻ സി.പി.എം കാട്ടുവള്ളി എ ബ്രാഞ്ചംഗമാണ്.
മരുന്ന് കുപ്പിയിൽ പെട്രോൾ നിറച്ച് തിരിയിട്ട് കത്തിച്ച ശേഷം എറിയുകയാിരുന്നു. മതിലിൽ തീപടർന്ന് കരിപിടിച്ചിട്ടുണ്ട്. ഇതു കണ്ടാണ് വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്. മാവേലിക്കര സി.ഐ വി.മോഹൻലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിൽ പൊട്ടിയ കുപ്പിയും കാവി നിറമുള്ള കത്തിയ തിരിയും ഇവിടെ നിന്ന് കണ്ടെത്തി. മൂന്ന് മാസമായി രാഷ്ട്രീയ സംഘർഷം നടക്കുന്ന ചെട്ടികുളങ്ങര കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാന്തമായിരുന്നു.