 ഉത്തരവാദ ടൂറിസം ഫെബ്രുവരി ആദ്യം മുതൽ ജില്ലയിലും

 ഇതുവരെ രജിസ്റ്റർ ചെയ്തത് 1060 ഗ്രൂപ്പുകൾ


ആലപ്പുഴ: ടൂറിസം മേഖലയുടെ വളർച്ചയ്ക്കൊപ്പം പ്രാദേശിക വികസനത്തിനും വഴിയൊരുക്കുന്ന ഉത്തരവാദ ടൂറിസം പദ്ധതിയുടെ ലിസ്റ്റിൽ ജില്ലയും ഇടംപിടിച്ചു. അടുത്ത മാസം ആദ്യത്തോടെ പ്രാഥമിക ഘട്ടത്തിനു തുടക്കമാവും. ഗ്രാമീണ കാർഷിക, മത്സ്യ, വ്യാപാര മേഖലകൾക്ക് ഉണർവു പകരുന്ന ഉത്തരവാദ ടൂറിസത്തെ പ്രതീക്ഷയോടെയാണ് ടൂറിസം സംരംഭകർ കാണുന്നത്.

ടൂറിസം മേഖലയ്ക്കു വേണ്ട വിഭവങ്ങൾ പ്രാദേശിക ഉത്പാദകരിൽ നിന്ന് സംഭരിക്കുക എന്നതാണ് ഉത്തരവാദ ടൂറിസത്തിന്റെ കാതൽ. ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന കായൽ ടൂറിസം ഉൾപ്പെടെയുള്ളവ അനുദിനം വികസിക്കുമ്പോൾ ഈ മേഖലകൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന അവസ്ഥ മാറ്റുകയാണ് ലക്ഷ്യം. കഞ്ഞിക്കുഴി ഉൾപ്പെടെയുള്ള മേഖലകളിൽ വ്യാപകമായ തോതിൽ ജൈവ പച്ചക്കറിയും മറ്റും ഉത്പാദിപ്പിച്ചു കൂട്ടുമ്പോൾ, ഇവർക്ക് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു നിൽക്കാനുള്ള ഒരു 'പാലം' ഇപ്പോഴുമില്ല. അതുകൊണ്ടുതന്നെ പച്ചക്കറി ഉൾപ്പെടെയുള്ളവ പുറം മാർക്കറ്റുകളിൽ നിന്ന് വാങ്ങുകയാണ് ടൂറിസം സംരംഭകരിൽ ഭൂരിഭാഗവും. ഈ മാർക്കറ്റുകളിലേക്ക് വരുന്നതാവട്ടെ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും. മത്സ്യത്തിന്റെ കാര്യത്തിലും സമാന സാഹചര്യമുണ്ട്. പ്രാദേശിക ഉത്പാദകരെയും ടൂറിസത്തെയും ഒരേ ചങ്ങലയിൽ കൊണ്ടുവന്ന് പരസ്പര പൂരകങ്ങളായി പ്രവർത്തിപ്പിച്ച് ഇരു വിഭാഗത്തിനും നേട്ടമുണ്ടാക്കുക എന്നതാണ് ഉത്തരവാദ ടൂറിസം ലക്ഷ്യമിടുന്നത്. ഉത്തരവാദ ടൂറിസം പദ്ധതിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 1060 ഗ്രൂപ്പുകളുടെ രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയായി. സംസ്ഥാനത്ത് ഇതുവരെ 18,523 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ ടൂറിസം വകുപ്പിന്റെ ചുമതല വഹിക്കവേ, ആലപ്പുഴ ബീച്ച് ഫെസ്റ്റിവൽ സമാപന സമ്മേളന വേദിയിലാണ് ഉത്തരവാദ ടൂറിസം പദ്ധതിയിൽ ആലപ്പുഴയേയും ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. പക്ഷേ, സർക്കാർ മാറിയതോടെ ഇത് പ്രഖ്യാപനത്തിലൊതുങ്ങി. 2007ൽ ആണ് സംസ്ഥാനത്ത് ഉത്തരവാദ ടൂറിസത്തിന്റെ തുടക്കം.

കോവളം, കുമരകം, തേക്കടി, വൈത്തിരി എന്നിവിടങ്ങളിൽ നടന്ന പരീക്ഷണം വിജയിച്ചതോടെ 2012ൽ കുമ്പളങ്ങി, ബേക്കൽ, അമ്പലവയൽ എന്നീ സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. പക്ഷേ, അപ്പോഴും ആലപ്പുഴയ്ക്ക് ഇടം ലഭിച്ചില്ല.

 ടൂറിസം തിളങ്ങും

ടൂറിസം വകുപ്പിനു കീഴിൽ ടൂറിസം മിഷൻ പ്രത്യേക പ്രോജക്ടായിട്ടാണ് പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്. കോട്ടയം കുമരകത്തെ മാതൃകയിൽ ജില്ലയിലും പദ്ധതി നടപ്പാക്കും. ജില്ലയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് താത്കാലിക വിശ്രമ കേന്ദ്രങ്ങളിൽ ആതിഥേയരാകാനും യാത്രകളുടെ ഭാഗമായി പ്രാദേശിക ജീവിതം, പരമ്പരാഗത സംസ്കാരം, പാചക വിഭവങ്ങൾ എന്നിവ പരിചയപ്പെടാനും പദ്ധതിയിലൂടെ അവസരമൊരുങ്ങും.ആലപ്പുഴയിൽ ഔദ്യോഗിക ടൂറിസം സീസൺ ഒക്ടോബർ മുതൽ ഏപ്രിൽ-മേയ് വരെയാണ്. വർഷത്തിൽ എല്ലാമാസവും സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന സൗന്ദര്യം ആലപ്പുഴയുടെ കായൽ മേഖലയ്ക്കുണ്ട്. ഉത്തരവാദ ടൂറിസം നടപ്പാക്കുന്നതോടെ ജില്ലയിലെ ഹൗസ്ബോട്ട് ടൂറിസത്തിന് വലിയ നേട്ടമുണ്ടാക്കാനും കഴിയും. 'മൺസൂൺ ടൂറിസം' എന്ന പേരിൽ ഹൗസ്ബോട്ട് ഓപ്പറേറ്റർമാർ തങ്ങളുടെ വെബ്സൈറ്റിൽ പരസ്യം ചെയ്യാറുണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. ഉത്തരവാദ ടൂറിസം പദ്ധതിയിലൂടെ ഇതും വിജയകരമാക്കാൻ കഴിയും.

 ഇടനിലക്കാർ ഒഴിവാകും

ജില്ലയിലെ കലാകാരന്മാർ, കർഷകർ, കരകൗശല വിദഗ്ദ്ധർ, മത്സ്യത്തൊഴിലാളികൾ, കയർത്തൊഴിലാളികൾ, ഒാട്ടോ-ടാക്സി ഡ്രൈവർമാർ തുടങ്ങി വിവിധ മേഖലയിലുള്ള വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവരുടെ പേരുവിവരങ്ങൾ വെബ് സൈറ്റിൽ ചേർക്കുന്നതോടെ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഇടനിലക്കാരെ ഒഴിവാക്കി ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഇവരെ നേരിട്ട് ബന്ധപ്പെടാം. രണ്ടു കിടപ്പുമുറികളുള്ള ഒരു ഹൗസ്ബോട്ടിൽ പ്രതിദിനം കുറഞ്ഞത് അഞ്ഞൂറു രൂപയുടെയെങ്കിലും പച്ചക്കറികൾ വേണം. മത്സ്യത്തിനും ഇറച്ചിക്കുമായി 500-600 രൂപയിലധികം മുടക്കാറുണ്ട്. ആയിരക്കണക്കിന് രൂപയാണ് ഈ ഇനത്തിൽ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും പ്രതിദിനം ചെലവാകുന്നത്.

...............................................

'വിനോദ സഞ്ചാരത്തോടൊപ്പം അനുബന്ധ വ്യവസായങ്ങൾക്കും പരിസ്ഥിതി സൗഹൃദത്തിനും പ്രാദേശിക തൊഴിലവസരങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ഉത്തരവാദ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ പാക്കേജ് തയ്യാറാക്കുന്നതോടൊപ്പം മിഷന്റെ ഭാഗമായി പരിശീലനം നൽകുന്ന 'കമ്മ്യൂണിറ്റി ടൂർ ലീഡർ'മാരുടെ സേവനവും ലഭിക്കുന്നതോടെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് സഞ്ചാരികളെ സംരക്ഷിക്കാൻ കഴിയും. ഉത്തരവാദ ടൂറിസം പദ്ധതിയിൽ ചെറുകിട ഉത്പ്പന്നങ്ങൾ മുതൽ വൻകിടക്കാർക്കു വരെ വിപണി കണ്ടെത്താനും കഴിയും'

(എസ്.ഹരീഷ്, മിഷൻ കോ ഒാർഡിനേറ്റർ, ഉത്തരവാദ ടൂറിസം പദ്ധതി, ആലപ്പുഴ)