മാവേലിക്കര: രാഷ്ട്രീയ സംഘർഷം തുടരുന്ന ചെട്ടികുളങ്ങരയിൽ, പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മയുടെ പേളയിലെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലുള്ള കുറ്റിക്കാട്ടിൽ നിന്നു ബിയർ കുപ്പിയിൽ സജ്ജമാക്കിയ പെട്രോൾ ബോംബും ഗുണ്ടും കണ്ടെത്തി. പെട്രോൾ അവശേഷിക്കുന്ന പ്ളാസ്റ്റിക് കുപ്പിയും സമീപത്തുണ്ടായിരുന്നു.
ഇന്നലെ രാവിലെ 9.15ഓടെയായിരുന്നു സംഭവം. കൃഷ്ണമ്മയുടെ വീടിന് സമീപം താമസിക്കുന്ന ബന്ധു അരുൺ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ, സമീപത്തെ പറമ്പിനോടു ചേർന്ന് റോഡരികിൽ സംശയകരമായ നിലയിൽ ബൈക്ക് നിറുത്തിയിരിക്കുന്നത് കണ്ടു. കൃഷ്ണമ്മയേയും കൂട്ടി അരുൺ ബൈക്കിനരികിലേക്ക് നടന്നു ചെല്ലുന്നതിനിടെ, കടവൂർ സ്വദേശിയായ യുവാവ് മറ്റൊരാളെയും കൂട്ടി ബൈക്കിൽ കടന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സാമഗ്രികൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാവേലിക്കര എസ്.ഐ സി.ശ്രീജിത്ത് സ്ഫോടക സാമഗ്രികൾ കസ്റ്റഡിയിൽ എടുത്തു. ഇവ വിരലടയാള വിദഗ്ദ്ധർ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഈരേഴ വടക്ക് ശ്രീവത്സത്തിൽ, സി.പി.എം പ്രവർത്തകനായ ഗോപാലകൃഷ്ണന്റെ വീട്ടുമുറ്റത്തേക്ക് എറിഞ്ഞ പെട്രോൾ ബോംബിന്റെ മാതൃകയിലുള്ള സ്ഫോടക സാമഗ്രിയാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കൃഷ്ണമ്മ മാവേലിക്കര സി.ഐക്ക് പരാതി നൽകി. ചെട്ടികുളങ്ങരയിൽ മൂന്നു മാസമായി തുടരുന്ന ആക്രമണ പരമ്പരയിൽ, സി.പി.എമ്മുകാരിയായ പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മയുടെ വീടിന് നേരേ രണ്ടുതവണയാണ് ആക്രമണമുണ്ടായത്. ആദ്യം വീട് തല്ലിത്തകർത്ത അക്രമികൾ രണ്ടാം തവണ വീടിന് നേരേ ഗുണ്ട് എറിയുകയായിരുന്നു. ബുധനാഴ്ച സ്ഫോടക സാമഗ്രികൾ കണ്ടെത്തിയ ആളൊഴിഞ്ഞ പറമ്പിലെ ശുചി മുറിയിൽ നിന്നു കഴിഞ്ഞ മാസം ഗുണ്ടുകളും ആയുധങ്ങളും കണ്ടെടുത്ത സംഭവത്തിൽ ആർ.എസ്.എസുകാർ അറസ്റ്റിലായിരുന്നു.