naale

മാന്നാർ : ചെറിയ പ്രശ്നങ്ങളിൽപ്പോലും പിടിച്ചുനിൽക്കാനാവാതെ ജീവിതത്തിൽ നിന്ന് പിൻവാങ്ങുന്ന കൗമാരമനസുകളുടെ ആകുലത വരച്ചുകാട്ടുന്ന 'നാളെ" എന്ന ഹ്രസ്വ ചിത്രം യുട്യൂബിൽ വൈറലാകുന്നു. മാനന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ പ്രണവിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞതാണ് 'നാളെ".

ഇതിനകം നാലു ലക്ഷത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തത്. മാന്നാർ പ്രണവത്തിൽ മണിക്കുട്ടന്റെയും ബുധനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൈലജയുടെയും മകനായ പ്രണവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിച്ചിട്ടുള്ളത്.

ചെറുപ്പം മുതൽ സിനിമയോടും ഫോട്ടോഗ്രാഫിയോടും ആഭിമുഖ്യമുള്ള പ്രണവിന്റെ ആഗ്രഹമായിരുന്നു ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുക എന്നത്. മനസിൽ ഉരുത്തിരിഞ്ഞ കഥ അമ്മയോട് പറഞ്ഞു. കൊള്ളാം എന്ന് അമ്മ നൽകിയ ആത്മധൈര്യത്തിലാണ് തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മനസ്സിൽ തോന്നിയ ആശയം തിരക്കഥയാക്കുമ്പോൾ അതിലെ അഭിനേതാക്കളെ സംബന്ധിച്ച് പ്രണവിന് നല്ല ധാരണയുണ്ടായിരുന്നു.

എന്തിനും ഒപ്പംനിൽക്കുന്ന കൂട്ടുകാരെ കഥാപാത്രങ്ങളായി കണ്ടാണ് സംഭാഷണം തയ്യാറാക്കിയത്. പരുമല സിൻഡസ്‌മോസ് പബ്ലിക് സ്‌കൂളിൽ ഒപ്പം പഠിച്ച തന്റെ കൂട്ടുകാർക്ക് അനുയോജ്യമായ കഥാപാത്രങ്ങൾ പ്രണവ് സൃഷ്ടിച്ചെടുക്കുകയായിരുന്നു.അതോടൊപ്പം നായർ സമാജം സ്‌കൂളിലെ കൂട്ടുകാരെയും ചിത്രത്തിലുൾപ്പെടുത്തി.

ചിത്രത്തിന്റെ പേരിൽ പഠനത്തിന് യാതൊരു തടസവും തനിക്കും കൂട്ടുകാർക്കും വരാതിരിക്കുവാൻ പ്രണവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചിത്രീകരണത്തിനും ഡബ്ബിംഗിനും എഡിറ്റിംഗിനുമായി 4 മാസത്തോളം വേണ്ടി വന്നു. എഡിറ്റിംഗ് വർക്കുകൾക്ക് മേൽനോട്ടം വഹിച്ചത് പ്രദീപ് മേനോൻ ആണ്. മാന്നാർ നായർ സമാജം സ്‌കൂളിലെ പ്രിൻസിപ്പൽ മനോജിന്റെ പിന്തുണയാണ് ഈ ചിത്രം തയ്യാറാക്കാൻ ഏറെ സഹായകമായതെന്നു് പ്രണവ് പറയുന്നു.

പൂർണ പിന്തുണയുമായി നായർ സമാജം സ്‌കൂളിലെ കൂട്ടുകാരായ കൃഷ്ണൻ നമ്പൂതിരി, അശ്വിൻ, ആദിത്യൻ എന്നിവർ എപ്പോഴുമുണ്ടായിരുന്നു. സിൻസസ്‌മോസ് സ്‌കൂളിലെ പ്രിൻസിപ്പലായിരുന്ന ഹേമചന്ദ്രൻ സാറിന്റെ ഓർമ്മയ്ക്കു മുന്നിലാണ് ഇവർ ചിത്രം സമർപ്പിച്ചിട്ടുള്ളത്. നായികയായ കെസിയ സിൻഡസ്മോസ് സ്‌കൂൾ വിദ്യാർത്ഥിനിയാണ്. അഭിനയിച്ചിരിക്കുന്ന അഫാഷ്, നിഖിൽ, അമൽ, ദേവനാരായണൻ, അനന്തു, അഖിൽ, അഫിൻ, ഷഹൻഷാ, ഏബൽ, ജോബു്, അനിറ്റ, പാർവ്വതി എന്നിവർ നായർ സമാജം സ്‌കൂൾ വിദ്യാർത്ഥികളാണ്. അദ്ധ്യാപകനായി അഭിനയിച്ചത് പാണ്ടനാട് പഞ്ചായത്ത് സീനിയർ ക്ലർക്കായ രജിത്താണ്.