a

മാവേലിക്കര: കാൻസറിന്റെ പിടിയിൽ നിന്ന് വഴുതിമാറിയെന്ന ആത്മവിശ്വാസത്തോടെ സ്കൂളിൽ പോയിത്തുടങ്ങിയ അഭിനവിനെ വിധി വിടാതെ പിന്തുടരുന്നു. മജ്ജയിലേക്ക് അരിച്ചിറങ്ങുന്ന കാൻസറിൽ നിന്ന് അഭിനവിനെ മോചിപ്പിക്കാൻ വേണ്ടത് 35 ലക്ഷം രൂപ. എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് അച്ഛനും അമ്മയും.

ചെട്ടികുളങ്ങര ഈരേഴ തെക്ക് മഠത്തിൽ പറമ്പിൽ ഹരിദാസ്- കവിത ദമ്പതികളുടെ മകനായ അഭിനവിനെ (11) കാൻസർ പിന്തുടരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കഴിഞ്ഞ 9 വർഷമായി ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായതായി സ്ഥിരീകരിച്ചതോടെ ഏറെ സന്തോഷത്തോടെ സ്കൂളിൽ പോകാനും തുടങ്ങി. എന്നാൽ രണ്ട് മാസം മുമ്പ് നടത്തിയ രക്ത പരിശോധനയിൽ മജ്ജയിലേക്ക് കാൻസർ വ്യാപിച്ചതായി കണ്ടെത്തിയത് എല്ലാവരെയും കണ്ണീരിലാഴ്ത്തി.

ഹോളി മേരി സെൻട്രൽ സ്കൂളിൽ പഠിക്കുകയായിരുന്ന അഭിനവ് ഇപ്പോൾ ലേക് ഷോർ ആശുപത്രിയിൽ ഡോ.ഗംഗാധരന്റെ ചികിൽസയിലാണ്. റേഡിയേഷൻ കഴിഞ്ഞു കീമോ ആരംഭിച്ചിരിക്കുകയാണ്. മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ രോഗം പൂർണ്ണമായി മാറുകയുള്ളു. ഇതിനകം 8 ലക്ഷം രൂപ ചികിത്സക്കായി ചിലവഴിച്ച കുടുംബത്തിന് 35 ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ നടത്താൻ മാർഗ്ഗമില്ലാത്ത അവസ്ഥയാണ്. അഭിനവിന്റെ അച്ഛനും അമ്മയും അമ്മൂമ്മയും കഴിഞ്ഞ 30 വർഷമായി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കൺവൻഷൻ ഓഫീസിൽ അന്നദാന വഴിപാട് തയ്യാറാക്കുന്ന ജോലിക്കാരാണ്. കൺവൻഷനും മറ്റ് ഉദാരമതികളും സഹായിച്ചാണ് ഇത്രയും നാൾ ചികിത്സ നടത്തിയത്. ഉദാരമതികളുടെ സഹായം ലഭിച്ചാൽ മാത്രമേ ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. അച്ഛൻ ഹരിദാസിന്റെ പേരിൽ എസ്.ബി.ഐ ചെട്ടികുളങ്ങര ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 67200347834. ഐ.എഫ്.എസ്.സി എസ്.ബി.ഐ.എൻ 0070934. ഫോൺ: 9656158972