ആലപ്പുഴ: ഇനിയുള്ള യാത്രയിൽ കൈത്താങ്ങായി ആരെങ്കിലുമൊക്കെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ അവിടെ നിന്നു മടങ്ങിയത്. ശാരീരിക, മാനസിക വെല്ലുവിളികൾ നേരുന്നവർക്കായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ശ്രീ സത്യസായി മാതൃകാഗ്രാമം, അയാം ഫോർ ആലപ്പി, വീൽചെയർ യൂസേഴ്സ് അസോസിയേഷൻ, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'കാരുണ്യ സ്പർശം' കൂട്ടായ്മയിൽ എത്തിയവരാണ് തങ്ങൾ നേരിടുന്ന പ്രശ്നങ്ങളും വേദനകളും അധികൃതർക്ക് മുന്നിൽ തുറന്നു പറഞ്ഞത്.
വരുമാന മാർഗമില്ലാത്തതിനാൽ മരുന്നും ഭക്ഷണവും യഥാസമയം പലർക്കും ലഭിക്കുന്നില്ല. ദു:ഖങ്ങളും വേദനകളും കേട്ട് സദസിലിരുന്നവരുടെയും കണ്ണുകൾ നിറഞ്ഞു. ആവശ്യങ്ങൾക്ക് പരിഹാരം കാണാമെന്ന് അധികൃതരുടെ ഉറപ്പിൽ വലിയ പ്രതീക്ഷയിലാണ് അവർ മടങ്ങിയത്. ഭിന്നശേഷിക്കാരായ 50 ഒാളം പേർ പരിപാടിയിൽ പങ്കെടുത്തു. സബ് ജഡ്ജി കെ.എൽ. ഉദയകുമാർ, സബ് കളക്ടർ കൃഷ്ണതേജ, ശ്രീ സത്യസായി മാതൃകാ ഗ്രാമം രക്ഷാധികാരിയും കൗൺസിലറുമായ മോളി ജേക്കബ്, എ.എസ്.പി കൃഷ്ണകുമാർ, നഗരസഭ വൈസ് ചെയർപേഴ്സൺ ജ്യോതി മോൾ, പ്രോഗ്രാം കോ-ഒാഡിനേറ്റർ ശ്രീ സത്യസായി മാതൃകാ ഗ്രാമം പദ്ധതി സംസ്ഥാന കോ-ഒാഡിനേറ്റർ പ്രേംസായി ഹരിദാസ്, വനിതാ എസ്.എെ ശ്രീദേവി, എൻ.എച്ച്.എം മാനേജർ രാധാകൃഷ്ണൻ, പ്രോഗ്രാം കോ-ഒാഡിനേറ്റർ ആസാദ്, എെ.സി.ഡി.എസ് കോ-ഒാഡിനേറ്റർ ലേഖ തുടങ്ങിയവർ പങ്കെടുത്തു.