ambalapuzha-news

അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി വിഭാഗങ്ങളുടെ പ്രവർത്തനത്തിനായി പ്രത്യേക ബ്ലോക്ക് വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ആശുപത്രിയുടെ മുഖ്യ കവാടമായ സി ബ്ലോക്കിലെ രണ്ടു നിലകളിലാണ് ഒ.പികൾ പ്രവർത്തിക്കുന്നത്. ഒ.പി ചീട്ടെടുക്കുന്ന കൗണ്ടറും ഈ ബ്ളോക്കിൽ തന്നെയാണ്.

രാവിലെ ഏഴോടെ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഈ തിരക്ക് ആശുപത്രിയുടെ പ്രവർത്തനത്തെയും , അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങളേയും സാരമായി ബാധിക്കുന്നുണ്ട്. പ്രധാന വിഭാഗങ്ങളുടെ ഒ.പികളെല്ലാം മുകളിലത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്. മുകളിലേയ്ക്കു പോകാൻ ലിഫ്റ്റും ഇവിടെ ഇല്ല. എത്തുന്ന രോഗികളിൽ കൂടുതലും 60 വയസിനു മുകളിൽ പ്രായമുള്ളവരാണ്. ഇവർ പടികൾ ചവിട്ടിക്കയറി മുകൾനിലയിലെത്തുമ്പോഴേക്കും അവശരാകും.

മെഡിസിൻ, യൂറോളജി, നെഫ്രോളജി, ഗ്യാസ്ട്രോ എൻട്രോളജി, പ്രിവന്റീവ് മെഡിസിൻ, പീഡിയാട്രിക് സർജറി, ന്യൂറോളജി, ഇ.സി.ജി, എക്കോ, ഡയാലിസിസ് യൂണിറ്റ് തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്നത് മുകളിലത്തെ നിലയിലാണ്. മുതിർന്ന പൗരൻമാർക്ക് ഒ.പി വിഭാഗത്തിൽ പ്രത്യേക പരിഗണന ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ആശുപത്രി വികസന സമിതി ചെയർമാൻ കൂടി ആയ കളക്ടർ ഇടപെട്ട് പ്രത്യേക ഒ.പി ബ്ളോക്ക് നിർമ്മിക്കണമെന്നാണ് രോഗികളുടെയും ജീവനക്കാരുടെയും ആവശ്യം.

. പ്രത്യേക ഒ.പി ബ്ലോക്ക് നിർമ്മിച്ചാൽ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാം. വൃദ്ധരായ രോഗികളുടെ പ്രശ്നങ്ങൾക്കും പരിഹാരമാകും -

എം.മുഹമ്മദ് കോയ ,വികസന സമിതി മുൻ എക്സിക്യൂട്ടീവ് അംഗം .