photo

ആലപ്പുഴ: ജില്ലാ പൊലീസ് മേധാവിയായി കെ.എം. ടോമി ഇന്നലെ ചുമതലയേറ്റു. കോഴിക്കോട് ഡെപ്യഠട്ടി കമ്മിഷണർ ചുമതലയിൽ നിന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ കസേരയിലേക്ക് എത്തുന്നത് . എറണാകുളം വിജിലൻസ് സെൽ ഡിവൈ.എസ്.പിയായി സർവീസിൽ നിന്ന് വിരമിച്ചശേഷം ഐ.പി.എസ് ലഭിച്ചതിനെ തുടർന്നാണ് കോഴിക്കോട് നഗരത്തിലെ ക്രമസമാധന ചുമതലയുള്ള ഡി.സി.പിയായത്. 2006 മുതൽ 2011 വരെ ചേർത്തലയിലും ആലപ്പുഴയിലും ഡിവൈ.എസ്.പിയായിരുന്നു. 2017 ആഗസ്റ്റിൽ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ എസ്.സുരേന്ദ്രൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി പോയ ഒഴിവിലാണ് നിയമനം. ആലപ്പുഴയിൽ നടന്ന മുത്തൂറ്റ് പോൾ എം.ജോർജ് വധക്കേസ്, വിജിലൻസ് എസ്.പിയായിരിക്കെ ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി.ഒ. സൂരജിനെതിരെയുള്ള അഴിമതി കേസ് എന്നിവ അന്വേഷിച്ചത് കെ.എം.ടോമിയുടെ നേതൃത്വത്തിലായിരുന്നു.1987ൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. എറണാകുളം ബോൾഗാട്ടി സ്വദേശിയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ഉറപ്പാക്കുമെന്ന് ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു.