ജില്ലയിലെ പുഞ്ചക്കൊയ്ത്തിന് കരുവാറ്റ ചാലുങ്കൽ പാടത്ത് തുടക്കം
ഹരിപ്പാട്: പ്രളയശേഷമുള്ള ജില്ലയിലെ ആദ്യ വിളവെടുപ്പിന് കരുവാറ്റ ചാലുങ്കൽ പാടശേഖരത്ത് തുടക്കമായി. 160 ഏക്കറിൽ നടത്തിയ നെൽകൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്.
തരിശ് കിടന്ന 15 ഏക്കറിൽ ഉൾപ്പടെയായിരുന്നു ഇത്തവണ കൃഷി. മഹാപ്രളയത്തിന് ശേഷം മൂന്ന് മാസം കൊണ്ട് കർഷകരെ കൃഷിക്കായി സജ്ജമാക്കി കൃഷി വകുപ്പ് നടത്തിയ പ്രവർത്തനങ്ങളുടെ വിജയം കൂടിയാണിത്. പ്രളയത്തിൽ കുട്ടനാട്ടിലടക്കം രണ്ടാം കൃഷി പൂർണ്ണമായും നശിച്ചതോടെ 33 ശതമാനം കുറവാണ് നെല്ലുത്പാദനത്തിൽ ഉണ്ടായത്. ഇത് പരിഹരിക്കാനായി കൃഷി വകുപ്പ് കർഷകർക്ക് ഹെക്ടറിന് 125 കിലോ വിത്ത് സൗജന്യമായി നൽകിയതാണ് കർഷകർക്ക് ധൈര്യം പകർന്നത്.
കരുവാറ്റ ചാലുങ്കൽ പാടശേഖരത്ത് നടന്ന കൊയ്ത്ത് ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുജാത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മോഹനകുമാർ അദ്ധ്യക്ഷനായി. ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന നടേശ് പദ്ധതി വിശദീകരണം നടത്തി. പ്രോജക്ട് ഡയറക്ടർ ഫസീല ബീഗം ആത്മ പദ്ധതി വിശദീകരിച്ചു. പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ പി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.സുകുമാരപിള്ള ആനുകൂല്യ വിതരണം നിർവ്വഹിച്ചു. രമ്യ രമണൻ, ജോൺ തോമസ്, ഗിരിജ സന്തോഷ്, സുരേഷ് കളരിയ്ക്കൽ, എസ്. സുരേഷ്, ശ്രീലത മോഹൻകുമാർ, പി.ആർ.രശ്മി, മുരളി കുമാർ, പത്മനാഭക്കുറുപ്പ്, പി.ടി മധു, ജയിംസ് ജോസഫ്, മണിയൻ, എസ്. വേണുഗോപാൽ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ആർ.ഗംഗാദേവി സ്വാഗതവും മനോജ് മാത്യു നന്ദിയും പറഞ്ഞു.
സുരേഷിന് ഇത് പുതിയ തുടക്കം (ഡെക്ക്)
ആനവണ്ടിയിൽ കാലിടറി, പാടത്ത് കാലുറപ്പിച്ചു
ഹരിപ്പാട്: കെ.എസ്.ആർ.ടി.സിയിൽ എം പാനൽ കണ്ടക്ടറായിരുന്ന കരുവാറ്റ മൂലശേരിൽ സുരേഷ് കാർഷിക മേഖലയിലെ കന്നിക്കാരനാണ്. തുടക്കക്കാരന്റെ പതർച്ച തീരെയില്ലാതെ കൃഷിയിലേക്ക് സുരേഷ് കാലെടുത്ത് വച്ചെങ്കിലും ഒന്നിനു പിന്നാലെ ഒന്നായി വന്ന തടസങ്ങൾ തലവേദനയായി. കൃഷി വകുപ്പ്, പഞ്ചായത്ത് അധികൃതരുടെയും ജനപ്രതിനിധികളുടെയും ചാലുങ്കൽ പാടശേഖര സമിതിയുടെയും വസ്തു ഉടമയുടെയും മറ്റ് കർഷകരുടെയും സഹായത്തോടെ ഇവ ഒരോന്നായി തരണം ചെയ്ത് ഈ യുവകർഷൻ എത്തിച്ചേർന്നത് നൂറുമേനി വിളവിലേക്കായിരുന്നു.
കെ.എസ്.ആർ.ടി.സിയിലെ ജോലിക്കിടെ ലഭിച്ച ഇടവേളകളിലൊക്കെ പാടത്തായിരുന്നു സുരേഷ്. ചാലുങ്കൽ പാടത്ത് വർഷങ്ങളായി തരിശു കിടന്ന ഏഴര ഏക്കറിലാണ് കൃഷി ഇറക്കിയത്. ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ഇവിടെ രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതായിരുന്നു നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി. കളക്ടറേറ്റിലും പൊലീസിലും ഉൾപ്പെടെ പരാതികളുമായി കയറിയിറങ്ങിയശേഷവും പരിഹാരം കാണാതായപ്പോൾ സമൂഹമാദ്ധ്യമങ്ങളും പത്ര, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെയാണ് അല്പമെങ്കിലും ശമനം ഉണ്ടായതെന്ന് സുരേഷ് പറയുന്നു. കൃഷി വിളവെടുപ്പിനോടടുത്ത സമയത്താണ് എം പാനൽ ജോലി നഷ്ടമാകുന്നത്. അതോടെ ദിവസത്തിൽ കൂടുതൽ സമയവും ശ്രദ്ധ കൃഷിയിലായി. രണ്ട് പെൺമക്കളും ഭാര്യയും പ്രായമായ പിതാവും ഉൾപ്പടെയുളള കുടുംബത്തിന്റെ ആശ്രയമായ സുരേഷ് 16 വർഷം മുമ്പാരംഭിച്ച വീടിന്റെ പണി പൂർത്തിയാക്കാനാണ് കൃഷി ആരംഭിച്ചത്. കെ.എസ്.ആർ.ടി.സിയിലെ ജോലി കൂടി നഷ്ടമായതോടെ കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഭാര്യ പ്രശോഭിനിയും കൃഷിയിൽ സഹായത്തിനുണ്ട്. മക്കൾ ഏഴ്, ഒന്ന് ക്ളാസുകളിൽ പഠിക്കുന്നു.