a

മാവേലിക്കര: സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മാവേലിക്കര ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ സുനീഷിന്റെ കണ്ണമംഗലം വടക്ക് വടക്കേതുണ്ടം ജംഗ്ഷന് കിഴക്ക് ഭാഗത്ത് പാലപ്പള്ളി റോഡിന് സമീപമുള്ള വീടിന് നേരേ കല്ലേറുണ്ടായി. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. കഴിഞ്ഞ മൂന്ന് മാസമായി രാഷ്ട്രീയ സംഘർഷം നടക്കുന്ന ചെട്ടികുളങ്ങരയിൽ വീടുകൾക്ക് നേരെയുള്ള ആക്രമണം പതിവായിരിക്കുകയാണ്. മാതാപിതാക്കൾ മരിച്ചു പോയ സുനീഷ് ഒറ്റയ്ക്കാണ് താമസം. രാത്രി 9.30ന് ഭക്ഷണം കഴിക്കാനായി സുനീഷ് ചെട്ടികുളങ്ങര ജംഗ്ഷനിലേക്ക് പോയിരുന്നു. ഈ സമയം വടക്കേതുണ്ടം ഭാഗത്തേക്ക് 2 ബൈക്കുകളിലായി 5 പേർ പോകുന്നതു കണ്ടതായി സുനീഷ് പറയുന്നു.10.10ന് സുനീഷ് തിരികെ വീട്ടിലെത്തിയപ്പോഴാണ് ജനൽ ചില്ലുകൾ എറിഞ്ഞുടച്ചത് കണ്ടത്. കോൺക്രീറ്റ് കഷ്ണങ്ങൾ കൊണ്ടാണ് ജനൽച്ചില്ലുകൾ തകർത്തത്. മാവേലിക്കര പൊലീസ് കേസ് എടുത്തു. ആർ.എസ്.എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.

അന്വേഷണം ഊർജ്ജിതപ്പെടുത്തണം :ഡി.വൈ.എഫ്.ഐ

ചെട്ടികുളങ്ങരയിൽ ആക്രമണം നടത്തുന്നവരെ അടിയന്തരമായി നിയമത്തിന്റെ മുന്നിലെത്തിക്കണമെന്ന് ഡി.വൈ.എഫ്.ഐ മാവേലിക്കര ഏരിയാ പ്രസിഡന്റ് നികേഷ് തമ്പിയും സെക്രട്ടറി അഡ്വ.ആർ.ശ്രീനാഥും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമിക്കപ്പെട്ട സുനീഷ് ബാബുവിന്റെ വീട് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്‌ ജയിംസ് ശാമുവൽ, ട്രഷറർ എം.എസ് അരുൺ കുമാർ, നികേഷ് തമ്പി, അഡ്വ.ആർ.ശ്രീനാഥ് എന്നിവർ സന്ദർശിച്ചു. ഡി.വൈ.എഫ്.ഐ ചെട്ടികുളങ്ങര തെക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെട്ടികുളങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തി.