ambalapuzha-news

 സെക്യൂരിറ്റിയെ മർദ്ദിച്ചവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

അമ്പലപ്പുഴ: സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചവരെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിനെതിരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ രംഗത്തെത്തി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 11 ഓടെയാണ് സ്ത്രീകളുടെ വാർഡിൽ നിന്ന് യുവാവിനെ പുറത്താക്കിയതിന്റെ പേരിൽ സെക്യൂരിറ്റി ജീവനക്കാരനായ സി.മോഹനന് (55) മർദ്ദനമേറ്റത്.സ്ത്രീകളുടെ വാർഡായ പതിനെട്ടാം വാർഡിൽ രാത്രി 10 മണി കഴിഞ്ഞും തങ്ങിയതിനാണ് യുവാവിനെ വാർഡിൽ നിന്നും പുറത്തിറക്കി വിട്ടത്. ഇതേത്തുടർന്ന് യുവാവും കൂട്ടുകാരും ചേർന്ന് മോഹനനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ മോഹനൻ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം നടന്ന ഉടൻ മറ്റു സെക്യൂരിറ്റി ജീവനക്കാരും, എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ചമ്പക്കുളം തെക്കെ മുറിയിൽ നിഖിൽ നിവാസിൽ കബിൽ (28), കാഞ്ഞിരം ചിറ പളളിത്തൈ വീട്ടിൽ പീറ്റർ (27) എന്നിവരെ പിടികൂടിയിരുന്നു. ഒരാൾ ഓടി രക്ഷപ്പെട്ടു. എന്നാൽ പിടിയിലായവരുടെ പേരിൽ നിസാര കുറ്റം ചുമത്തി ഇവരെ അമ്പലപ്പുഴ പൊലീസ് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നെന്ന് സെക്യൂരിറ്റി ജീവനക്കാർ ആരോപിച്ചു. ഇതിനെതിരെ ഇന്നലെ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.