തണ്ണീർമുക്കം ബണ്ട് ഷട്ടറിൽ വിടവുണ്ടാക്കി ഓരുവെള്ളം കയറ്റുന്നു
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറിനടിയിലൂടെ കുട്ടനാട് മേഖലയിലേക്ക് ഒാരുവെള്ളം കയറുന്നത് നെൽകൃഷിക്ക് ഭീഷണിയാകുന്നു. പ്രളയാനന്തരം മികച്ച വിളവ് പ്രതീക്ഷിക്കുന്ന പാടങ്ങളിലേക്കാണ് ഓരുവെള്ളം കിനിഞ്ഞെത്തുന്നത്.
കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ബണ്ടിലെ ഷട്ടറുകൾ ഉയർത്താതിരിക്കാൻ ലോക്ക് സിസ്റ്റം സ്ഥാപിക്കണമെന്ന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗത്തിനോട് നിർദേശിച്ചിരുന്നു. ലോക്ക് സിസ്റ്റം സ്ഥാപിക്കുന്നതുവരെ രാത്രിസമയങ്ങളിൽ ഇവിടെ പൊലീസ് കാവൽ ഏർപ്പെടുത്തണമെന്ന ആവശ്യമാണ് കർഷകരും കൃഷിവകുപ്പും മുന്നോട്ട് വയ്ക്കുന്നത്.
തണ്ണീർമുക്കം ബണ്ടിന്റെ തെക്കൻ പ്രദേശങ്ങളായ തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ കരനെൽക്കൃഷിയ്ക്കും ഒരുജലഭീഷണിയുണ്ട്.
കായലിൽ ഒാരുജലത്തിന്റെ സാന്ദ്രത കൂടുമ്പോഴാണ് ചെമ്മീൻ ചാകര ഉണ്ടാകുന്നത്. ഇതിനായി തണ്ണീർമുക്കം ഷട്ടറിനടിയിൽ കല്ല് കയറ്റിവയ്ക്കുന്ന പതിവുണ്ട്. ഇതിലൂടെയാണ് ഒാരുജലം കയറുന്നത്. ഇങ്ങനെ കല്ലുവെയ്ക്കുന്നതിനിടയിൽ ഷട്ടറിനടിയിൽ കുടുങ്ങി മുൻപ് ഇവിടെ രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു. എന്നാൽ ഇപ്പോഴും രാത്രിസമയങ്ങളിൽ ഷട്ടറുകൾക്കിടയിൽ കല്ലുകയറ്റി മത്സ്യം പിടിക്കുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ തന്നെ വ്യക്തമാക്കുന്നു.
ജില്ലയിൽ ഒാരുജലം തടയാൻ ചെറുതും വലുതുമായ 501 ഒാരുമുട്ടുകളാണ് സ്ഥാപിക്കേണ്ടിയിരുന്നത്. ഇതിൽ പ്രധാനമായും 30 ഒാരുമുട്ടുകളിൽ കൂടിയാണ് ഒാരുജലം കുട്ടനാടൻ കൃഷിമേഖലയിലേക്ക് കയറുന്നത്. ഒാരുജലം കയറാതിരിക്കാൻ ഇറിഗേഷൻ വകുപ്പ് മുൻകൂടി ഒാരുമുട്ടുകൾ സ്ഥാപിച്ചതിനാൽ കൂടുതൽ നെൽച്ചെടികൾ സംരക്ഷിക്കാൻ കഴിഞ്ഞു. തണ്ണീർമുക്കം ബണ്ടിനടിയിലെ ഷട്ടറുകൾ കല്ലുവെച്ച് ഉയർത്തുന്നത് ഒഴിവാക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് കൃഷിവകുപ്പിന്റെയും കർഷകരുടെയും ആവശ്യം.
...............................................
'തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകളിലൂടെ ഓരുവെള്ളം കയറുന്നതു തടയാൻ നടപടി വേണം. ഓരുവെള്ളം നെൽകൃഷിയെ ദോഷകരമായി ബാധിക്കും. ഷട്ടറുകൾക്ക് ലോക്കിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം വേഗം നടപ്പാക്കണം'
(ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ-നാളികേര കർഷക ഫെഡറേഷൻ)