 പ്രളയാനന്തര പ്രവർത്തനങ്ങൾ ഭൂമാഫിയ മുതലെടുക്കുന്നു

ആലപ്പുഴ: പ്രളയ ദുരിതാശ്വാസത്തിന്റെ മറവിൽ ജില്ലയിൽ നിലം നികത്ത് വീണ്ടും വ്യാപകമാകുന്നു.

അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിലാണ് നീർത്തട സംരക്ഷണ നിയമം ലംഘിച്ചു കൊണ്ട് നെൽവയലുകളും നീർത്തടങ്ങളും നികത്തുന്നത്. പ്രളയത്തിൽ മുങ്ങിയ പ്രദേശങ്ങൾ മണ്ണിട്ടുയർത്തുന്നതിന്റെ മറവിലാണ് ഈ നികത്തലുകളൊക്കെയും.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളും മറ്റുമായി ഉദ്യോഗസ്ഥർ തിരക്കായതോടെ നിലം നികത്തൽ ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല. പൊലീസ്-റവന്യു അധികൃതരുടെ പ്രത്യേക സ്ക്വാഡ് നിലവിലുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. വീട് വയ്ക്കാനെന്ന പേരിലും നിലം നികത്തുന്നുണ്ട്. എതിർക്കാതിരിക്കാൻ ക്വട്ടേഷൻ സംഘത്തിന്റെ നേതൃത്വത്തിലാണ് പലയിടത്തും ഭൂമാഫികൾ നികത്തൽ നടത്തുന്നത്.

പൊതുതോടുകളിലെ കൈയേറ്റവും വ്യാപകമാണ്. പ്രത്യേകം ഏജന്റുമാർ കരാർ അടിസ്ഥാനത്തിലാണ് നികത്തൽ ഏറ്റെടുക്കുന്നത്. ടിപ്പറുകളിലും കെട്ടുവള്ളങ്ങളിലും പുലർച്ചെ ഗ്രാവൽ എത്തിക്കും. റിയൽ എസ്റ്റേറ്റ് സംഘങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതിലേറെയും.

നഗരസഭാ പരിധിയിൽ അഞ്ചു സെന്റിലും പഞ്ചായത്ത് പരിധിയിൽ പത്ത് സെന്റിലും കൂടുതൽ നികത്താൻ നിയമം അനുവദിക്കാത്തതിനാൽ സ്വന്തമായി സ്ഥലം ഇല്ലാത്തവരുടെ പേരിലാണ് ഭൂമി വാങ്ങുന്നത്. നികത്തി വീട് വെച്ച ശേഷം കൂടിയ വിലയ്ക്ക് വിൽപ്പന നടത്തുകയാണ് പതിവ്.

കുട്ടനാടൻ മേഖലകളിൽ പാടശേഖരങ്ങൾ നികത്തുന്നതിനെതിരെ നിയമ നടപടികൾ കർശനമാക്കിയപ്പോൾ നാളുകളായി കൃഷിയിറക്കാതെ തരിശ് കിടന്നിരുന്ന ചില കരപ്പാടങ്ങൾ റിയൽ എസ്റ്റേറ്റ് മാഫിയ കൈക്കലാക്കിയിരിക്കുന്നു. പുന്നപ്ര തെക്ക്, പുറക്കാട്, അമ്പലപ്പുഴ, തകഴി, വീയപുരം, ഹരിപ്പാട്, കാർത്തികള്ളി, കുമാരപുരം, ചിങ്ങോലി പഞ്ചായത്തുകളിൽ ഇത്തരം സ്ഥലങ്ങൾ വില്ലേജ് ഓഫീസർമാരെ നോക്കുകുത്തികളാക്കി നികത്തുന്നുവെന്ന് പരാതിയുണ്ട്.

 ഉത്തരവിന് പുല്ലുവില

അനധികൃതമായി നികത്തിയ നിലം പൂർവ്വ നിലയിലാക്കണമെന്ന് പരാതികളുടെ അടിസ്ഥാനത്തിൽ കളക്ടർ ഉത്തരവ് നൽകാറുണ്ടെങ്കിലും നികത്തിയ ഭൂമിക്ക് ഒരു മാറ്റവും സംഭവിക്കാറില്ലെന്നതിന് തെളിവുകളേറെ. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതാണ് കാരണം.