ചേർത്തലയിൽ കുടിവെള്ള പൈപ്പ് പൊട്ടൽ തുടർക്കഥ
ചേർത്തല:ചേർത്തല നഗരത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടർക്കഥയാകുന്നു. താലൂക്ക് ഓഫീസിന് മുന്നിലും അർത്തുങ്കൽ ബൈപ്പാസിലുമാണ് ആഴ്ചകളായി കുടിവെള്ളം പാഴാകുന്നത്. നാട്ടുകാർ ജല അതോറിട്ടി ഓഫീസിൽ പല തവണ വിവരം അറിയിച്ചെങ്കിലും പൈപ്പ് പൊട്ടൽ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തത് ആക്ഷേപങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
കുടിവെള്ള പ്രവാഹം
താലൂക്ക് ഓഫീസിന് മുന്നിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു. വഴിയോര കച്ചവടക്കാർ തണലിന് കുട സ്ഥാപിച്ചപ്പോഴാണ് പൈപ്പ് പൊട്ടിയതെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. പൈപ്പ് പൊട്ടിയതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന താത്കാലിക കച്ചവട സ്ഥാപനവും തുറക്കുന്നില്ല.
യാത്രമുടക്കി വെള്ളക്കെട്ട്
കുടിവെള്ളം പൊട്ടിയൊഴുകി റോഡിന് സമീപത്തായി ഒഴുകി പരക്കുകയാണ്. ഇതുമൂലം ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് കാൽനടയാത്രക്കാരെ ഉൾപ്പെടെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ദേശീയ പാതയോരത്ത് അർത്തുങ്കൽ ബൈപ്പാസിന് കിഴക്കുഭാഗത്ത് അടുത്തടുത്ത് രണ്ടുഭാഗങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്.
നാട്ടുകാർക്ക് പ്രതിഷേധം
വേനൽ കനത്തതോടെ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. ഇതിൽ നാട്ടുകാർക്ക് കനത്ത പ്രതിഷേധമുണ്ട്.