ആലപ്പുഴ : ശരണവഴിയിൽ അയ്യപ്പ ഭക്തരുടെ ആരോഗ്യം കാക്കാനുള്ള ഡോ. പദ്മകുമാറിന്റെ ദൗത്യം പതിനെട്ടാം വർഷത്തിലേക്ക്. ഇത്തവണത്തെ മകരവിളക്ക് കാലത്തെ ആതുരസേവനത്തിനായി ശബരിമല സന്നിധാനത്ത് ഡോക്ടർ നാളെ എത്തും. പതിവായി മല ചവിട്ടാനെത്തുന്നവർക്കൊക്കെ ചിരപരിചിതനായ പദ്മകുമാർ സന്നിധാനത്തെത്തിയാൽ എല്ലാവർക്കും 'ഡോക്ടർ സ്വാമിയാണ്".
ചെറുപ്പം മുതലേ അയ്യപ്പ ഭക്തി മനസിൽ കൊണ്ടു നടക്കുന്ന പദ്മകുമാർ ലക്ചററായി ആലപ്പുഴ മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചതു മുതലാണ് ശബരിമല തീർത്ഥാടനകാലത്ത് ഡ്യൂട്ടിക്ക് പോയി തുടങ്ങുന്നത്. ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ വിഭാഗം പ്രൊഫസറാണ്. പ്രൊഫസർമാർ ശബരിമല ഡ്യൂട്ടി നോക്കണമെന്ന് നിർബന്ധമില്ല. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രത്യേക അപേക്ഷ നൽകി അനുവാദം വാങ്ങിയാണ് ശബരിമല ഡ്യൂട്ടിക്ക് പോകുന്നത്. എല്ലാ മലയാളമാസവും ശബരിമലദർശനം നടത്തുന്ന ഡോക്ടർക്ക് അയ്യപ്പസേവ മനസിന് കുളിർമ പകരുന്നതാണ്. 'ഇത്രയും സമഭാവനയുള്ള തീർത്ഥാടന കേന്ദ്രം വേറെയില്ല" എന്നാണ് തന്റെ ശബരിമല അയ്യപ്പനോടുള്ള ഭക്തിക്ക് കാരണമായി ഡോക്ടർ പറയുന്നത്.
ആദ്യകാലങ്ങളിൽ മണ്ഡലകാലത്തിന്റെ തുടക്കത്തിലായിരുന്നു ഡ്യൂട്ടി നോക്കിയിരുന്നത്. അന്നൊക്കെ നീലിമലയിൽ ഫോറസ്റ്റിന്റെ താത്കാലിക ഷെഡിൽ പ്രവർത്തിച്ച ആശുപത്രിയിലെ സേവനം ദുഷ്കരമായിരുന്നു. ഏതു നിമിഷവും പാമ്പുകൾ ഇഴഞ്ഞുവരാം. ആനയുടെ ശല്യവുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി മകരവിളക്ക് കാലത്താണ് ഡ്യൂട്ടിക്കായി പോകുന്നത്. സന്നിധാനത്തെ കാർഡിയോളജി സെന്ററിലാണ് ഡ്യൂട്ടി. ഏഴ് മുതൽ പത്തു വരെ ദിവസങ്ങളാണ് ഇവിടെ ഡ്യൂട്ടി നോക്കുന്നത്.
കൃത്യമായ വ്രതനിഷ്ഠയില്ലാതെയും തയ്യാറെടുപ്പില്ലാതെയും എത്തുന്നവരാണ് ശരണവഴിയിൽ അവശരായി ആശുപത്രിയിലെത്തപ്പെടുന്നതെന്ന് തന്റെ ഇത്രയും കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഡോ.പദ്മകുമാർ പറയുന്നു. ഹൃദയാരോഗ്യ പ്രശ്നങ്ങളുമായാണ് കൂടുതൽ പേരും മലകയറ്റത്തിനിടെ ചികിത്സ തേടി എത്തുന്നത്. എല്ലാ അയ്യപ്പ ഭക്തരോടും ഡോക്ടർക്ക് ഒന്നേ പറയാനുള്ളൂ. 'മല കയറ്റം ലാഘവത്തോടെ കാണരുത്, നല്ല മുന്നൊരുക്കങ്ങൾ നടത്തണം"
സന്നിധാനത്തെ ആതുര സേവനം മാത്രമല്ല പത്മകുമാറിന്റെ അയ്യപ്പസേവ. മണ്ഡലകാലത്ത് അനുഷ്ഠിക്കേണ്ട വ്രത നിഷ്ഠകളെപ്പറ്റി വിവിധ ക്ഷേത്രങ്ങളിൽ പ്രഭാഷണം നടത്തുന്നുണ്ട്. 2014,2015 വർഷങ്ങളിൽ അയ്യപ്പസേവാസംഘവുമായി സഹകരിച്ച് 'ശബരിമല തീർത്ഥാടക ബോധന യാത്ര" അമ്പലപ്പുഴ മുതൽ പമ്പ വരെയുള്ള വിവിധ ക്ഷേത്രങ്ങളിലൂടെ നടത്തിയിരുന്നു. തീർത്ഥാടകർ എടുക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് വിശദമായ ക്ളാസാണ് യാത്രയിൽ നടത്തിയത്. ഇതു കൂടാതെ തീർത്ഥാടകർക്കുള്ള ലഘുലേഖകൾ വിവിധ ഭാഷകളിൽ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. 'ശരണവഴികളിലൂടെ സമ്പൂർണ ആരോഗ്യം" എന്ന ഒരു പുസ്തകവും പദ്മകുമാർ എഴുതി.