ഹരിപ്പാട്: വഞ്ചിപ്പാട്ടിന്റെ താളത്തിമിർപ്പിൽ, പമ്പയുടെ ഇരുകരകളിലും തിങ്ങി നിറഞ്ഞ നൂറു കണക്കിന് വള്ളംകളിപ്രേമികളുടെ സാന്നിദ്ധ്യത്തിൽ വീയപുരം പുത്തൻ ചുണ്ടൻ നീരണിഞ്ഞു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസാദ് കുമാർ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ സി.കെ സദാശിവന്റെ നേതൃത്വത്തിലാണ് നീരണിയൽ കർമ്മം നടന്നത്.
ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, ജോബിൾ പെരുമാൾ തുടങ്ങിയവർ പങ്കെടുത്തു. അമ്പത്തി ഒന്നേകാൽ കോൽ നീളവും 52 അംഗുലം വണ്ണവുമുള്ള പുത്തൻ ചുണ്ടനിൽ 85 തുഴച്ചിൽക്കാർ കയറും. 9 നിലക്കാരും 4 അമരക്കാരുമുണ്ടാകും. ചങ്ങങ്കരി സാബു ആചാരിയുടെ നേതൃത്വത്തിലായിരുന്നു വള്ളത്തിന്റെ നിർമ്മാണം . നന്മ പ്രവാസി കൂട്ടായ്മയും ചുണ്ടൻ വള്ള സമിതിയും കരക്കാരും ചേർന്ന് 50 ലക്ഷം രൂപ മുടക്കിയാണ് ചുണ്ടൻവള്ളം നിർമ്മിച്ചത്. നീരണിയൽ ചടങ്ങിന് ശേഷം വള്ള സദ്യയും നടന്നു. തുടർന്ന് പമ്പയാറ്റിൽ പ്രദർശന തുഴച്ചിലും അരങ്ങേറി. മുതിർന്നവരെ ആദരിക്കൽ, ചികിത്സാ സഹായ വിതരണം എന്നിവയും ചടങ്ങിൽ നടന്നു. വീരു എന്ന പേരിൽ അറിയപ്പെടുന്ന ചുണ്ടൻ നീരണിഞ്ഞതോടെ ഒരുപ്രദേശത്തിന്റെ ദീർഘനാളായ ആഗ്രഹമാണ് പൂവണിഞ്ഞത്. സ്വന്തമായി വീയപുരം ബോട്ട് ക്ളബ്ബ് എന്ന പേരിൽ ടീമിനെ ഒരുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. ബിജു ആറ്റുമാലിൽ സജി, ആറ്റുമാലിൽ , ബിജു വേലിയിൽ, രാജു പാളയത്തിൽ, രഘു തിരുമംഗലത്ത്, ജഗേഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചുണ്ടൻ വള്ള സമിതിയുടെ പ്രവർത്തനം.