പിഴയടക്കം 2,42,500 രൂപ ഈടാക്കി
മാരാരിക്കുളം:അഞ്ചുവർഷമായി നികുതി അടക്കാതെ ഓടിയ ആഡംബര വാഹനം (കാരവൻ) മോട്ടോർ വാഹനവകുപ്പ് പിടികൂടി പിഴ ഈടാക്കി. ദേശീയപാതയിൽ പാതിരപ്പള്ളിയിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് കാരവൻ പിടിയിലായത്.
പിഴയടക്കം 2,42,500 രൂപയാണ് ആലപ്പുഴ മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ കെ.ജി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഈടാക്കിയത്. 2010ൽ 18 സീറ്റോടെയുള്ള വാഹനം സ്വകാര്യ ഉപയോഗത്തിനായി രജിസ്റ്റർ ചെയ്ത് നികുതിയടച്ചിരുന്നതാണ്.പിന്നീടാണ് രൂപമാറ്റം വരുത്തി ആഡംബര സംവിധാനമാക്കിയത്.സീറ്റുകൾ മുഴുവൻ മാറ്റി രണ്ടു സീറ്റും കിടക്കയും ടോയ്‌ലറ്റും ഇതിലുണ്ടായിരുന്നു.ഇത്തരത്തിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് ചതുരശ്ര മീറ്ററിന് 1000 രൂപ ക്രമത്തിൽ നികുതി അടയ്ക്കണമെന്ന് 2014 ഏപ്രിലിൽ നിലവിൽ വന്ന ധനകാര്യ ബില്ലിൽ വ്യവസ്ഥയുണ്ട്. പിടികൂടിയ വാഹനത്തിന് അഞ്ചുവർഷമായി ഈ നികുതിയൊന്നും അടച്ചിട്ടില്ല. എറണാകുളം സ്വദേശിയുടേതാണ് .സിനിമാ സെറ്റുകളിൽ ഉപയോഗിച്ചു വന്നിരുന്ന കാരവൻ.