മാവേലിക്കര: താലൂക്കിലാകെ ആർ.എസ്.എസ് അഴിച്ചു വിടുന്ന അക്രമങ്ങളുടെ മറപിടിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുള്ള ബി.ജെ.പി ശ്രമം പരിഹാസ്യമാണെന്ന് സി.പി.എം മാവേലിക്കര ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ജനുവരി രണ്ടിന് ഹർത്താൽ ദിനത്തിൽ മാവേലിക്കര താലൂക്ക് ഓഫീസും സി.പി.എം പ്രവർത്തകനായ പളനിയപ്പന്റെ കടയും ആക്രമിച്ചു തകർത്ത കേസിലെ പ്രതികളിലൊരാളായ ആർ.എസ്.എസ് നേതാവ് തെക്കേക്കര വടക്കേ മങ്കുഴി സ്വദേശി അതുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന ഇയാളുടെ വീടിന്റെ ജനൽചില്ലുകൾ തകർത്ത സംഭവത്തിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കള്ളക്കേസ് കൊടുത്ത് കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാർട്ടി പ്രവർത്തകർക്ക് ഈ സംഭവത്തിൽ പങ്കില്ല. സമാധാനാന്തരീക്ഷം നിലനിന്നിരുന്ന തെക്കേക്കരയിൽ ബോധപൂർവ്വം കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് ആർ.എസ്.എസ് നടത്തുന്നത്. ആർ.എസ്.എസ് നേതാവിന്റെ വീടിന്റെ ജനൽചില്ലുകൾ തകർത്തതിൽ ദുരൂഹതയുണ്ട്. ഈ സംഭവത്തിന് തൊട്ടുമുമ്പ് ഇയാളുടെ വീടിന്റെ മുന്നിൽ കിടന്നിരുന്ന വാഹനങ്ങൾ മുള്ളിക്കുളങ്ങരയിലുള്ള ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിലേക്ക് മാറ്റിയത് സംശയമുയർത്തുന്നതാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും സി.പി.എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗം
മാവേലിക്കര: സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ബി.ജെ.പി കള്ളക്കേസ് കൊടുക്കുന്നുവെന്നാരോപിച്ചും പ്രദേശത്തെ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും സി.പി.എം തെക്കേക്കര കിഴക്ക് ലോക്കൽ കമ്മിറ്റി നടത്തിയ സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. യു.വിശ്വംഭരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ജി.ഹരിശങ്കർ, ഏരിയാ സെക്രട്ടറി കെ.മധുസൂദനൻ, അഡ്വ.ജി.അജയകുമാർ, ടി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ആർ.ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു.