ambalapuzha-news
അപകടത്തിൽ തകർന്ന ടാങ്കർ

അമ്പലപ്പുഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന ഇന്ധനം ഇറക്കിയ ശേഷം മടങ്ങുകയായിരുന്ന ടാങ്കറും പച്ചക്കറി കയറ്റിവന്ന ലോറിയും കാക്കാഴം മേൽപ്പാലത്തിൽ ഇന്നലെ പുലർച്ചെ കൂട്ടിയിടിച്ച് രണ്ടു ഡ്രൈവർമാർ ഉൾപ്പെടെ മൂന്നു പേർക്കു പരിക്കേറ്റു. ടാങ്കർ ലോറി ഡ്രൈവർ ചേർത്തല കാട്ടുങ്കൽ വീട്ടിൽ അരുൺ (28), ക്ലീനർ ചേർത്തല ജോസ് ഭവനത്തിൽ ജോഷി (39), പച്ചക്കറി ലോറിയിലെ ഡ്രൈവർ പാലക്കാട് സ്വദേശി നന്ദൻ (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുകാലുകളും കൈകളും ഒടിഞ്ഞു തൂങ്ങിയ അരുണിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്.

പുലർച്ച 5.30നായിരുന്നു അപകടം. ഇരു വാഹനങ്ങളുടേയും ഡ്രൈവർ ക്യാബിൻ തകർന്നു. അമ്പലപ്പുഴ പൊലീസും ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിശമന ജീവനക്കാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തതത്. ഒരു മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗത തടസവും ഉണ്ടായി. അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. ടാങ്കറിൽ ഇന്ധനം ഇല്ലാതിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.

 കണ്ണടച്ച് കാമറകൾ

ഒരു മാസം മുൻപ് കാക്കാഴം മേൽപ്പാലത്തിൽ ബൈക്ക് യാത്രക്കാരനായ ആലപ്പുഴ സ്വദേശി ട്രെയിലറിനടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ് മരണമടഞ്ഞിരുന്നു. അപകടങ്ങൾ പതിവായതിനെെ തുടർന്ന് പാലത്തിൽ റോഡ് സേഫ്റ്റി അതോറിറ്റി 28 ലക്ഷം രൂപ ചെലവഴിച്ച് 7 കാമറകളും പാലത്തിന്റെ ഇരുവശത്തുമായി എയ്ഡ് പോസ്റ്റ് ക്യാബിനും സ്ഥാപിച്ചെങ്കിലും ഇതുവരെ ഉദ്ഘാടനം ചെയ്യാനായില്ല.