കരുനാഗപ്പള്ളി: ആരാധനാലയങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. ചങ്ങൻകുളങ്ങര ചതുഷഷ്ഠി യോഗിനീ സമേത മഹാകാളി ധർമ്മദൈവ പുലിത്തിട്ട ക്ഷേത്രത്തിലെ ശ്രീ വിദ്യാസപര്യ യജ്ഞത്തോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളും വിശ്വാസങ്ങളും മുനുഷ്യനന്മയ്ക്ക് വേണ്ടിയുള്ളതാണ്. നിലവിലുള്ള ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനും നിലനിറുത്താനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. സമൂഹത്തിൽ വളർന്ന് വരുന്ന വർഗീയ ജീർണതകൾക്കെതിരെ വിശ്വാസികളുടെ ശക്തമായ പ്രതിരോധനിര ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ശ്രീവിദ്യാ സപര്യ യജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം നടൻ ജയറാമും പുലിത്തിട്ട വെബ്സൈറ്റിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എയും നിർവഹിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശശിധരൻ, അനിൽ മുഹമ്മദ്, രവീന്ദ്രൻ മുളയ്ക്കൽ, ബി. മുരളീധരൻ, സലിംകുമാർ കളരിക്കൽ, യജ്ഞാചാര്യൻ വളവനാട് വിമൽ വിജയ്, വാണി വിനോദ് എന്നിവർ സംസാരിച്ചു.