photo

ആലപ്പുഴ: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കുട്ടനാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഒരുലിറ്റർ ചാരായവും ഗ്യാസ് അടുപ്പ് ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും സഹിതം യുവാവ് പിടിയിൽ. കാവാലം വടക്ക് മുറിയിൽ മണിമുറ്റം ചെറുകര വീട്ടിൽ സുഭാഷിനെയാണ് (ശ്യാംകുമാർ-39) എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി. റോബർട്ടിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

വാറ്റാനുപയോഗിക്കുന്ന കലം, മൺചട്ടി, ഗ്യാസ് സ്റ്റൗ, കോട സൂക്ഷിച്ചിരുന്ന 50 ലിറ്ററിന്റെ രണ്ട് കന്നാസുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കായൽതീരത്തെ വീടായതിനാൽ വെള്ളത്തിനടിയിൽ പ്രത്യേക രീതിയിൽ തടിക്കുറ്റി താഴ്ത്തി കോട കന്നാസിലാക്കി, കുറ്റികളിൽ കെട്ടിയാണ് സൂക്ഷിച്ചിരുന്നത്. കലം, ചട്ടി അടക്കമുള്ള മറ്റ് വാറ്റുപകരണങ്ങളും വെള്ളത്തിനടിയിലാണ് സൂക്ഷിക്കാറുള്ളത്.

ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ചാരായം വാറ്റി നൽകുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഷാഡോ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു സുഭാഷ്. കല്യാണ നിശ്ചയ ആഘോഷങ്ങൾക്കായി കഴിഞ്ഞ ദിവസം രാത്രിയിൽ ചാരായം വാറ്റി വില്പന നടത്തുന്നുവെന്ന വിവരമറിഞ്ഞ് നടത്തിയ റെയ്ഡിലാണ് പിടിയിലായത്. ഒരു ലിറ്റർ ചാരായത്തിന് 500 രൂപ നിരക്കിലാണ് വില്പന. അഞ്ച് ലിറ്റർ, 10 ലിറ്റർ എന്നീ അളവുകളിലായിരുന്നു കച്ചവടം. പ്രത്യേക രുചിക്കായി കുരുമുളക് ഇല, ഇഞ്ചപ്പുല്ല്, കറുവപ്പട്ട, അവിൽ എന്നിവ കോടയിൽ ചേർത്തിരുന്നു. രാമങ്കരി കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.