ചേർത്തല: ചേർത്തല താലൂക്ക് ഓഫീസിനു മുന്നിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ഒരു മാസത്തോളമായി വെള്ളം ചോരുന്നതിന് താത്കാലിക പരിഹാരമാവുന്നു. വെള്ളം പാഴാകുന്നതു സംബന്ധിച്ച് 'കേരളകൗമുദി' കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
ചേർത്തല ജല അതോറിറ്റി ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ പൈപ്പ് പൊട്ടൽ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചു. രാത്രി വൈകിയും ജോലികൾ പുരോഗമിക്കുകയാണ്. വഴിയോര കച്ചവടക്കാർ തണലിന് കുട സ്ഥാപിച്ചപ്പോഴാണ് ഇവിടെ പൈപ്പ് പൊട്ടിയതെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞിരുന്നു. ഇവർ പല തവണ അധികൃതരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. കുടിവെള്ളം പൊട്ടിയൊഴുകി റോഡിലേക്കു പരന്നതോടെ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് കാൽനട യാത്രക്കാർക്കുൾപ്പെടെ ദുരിതമായി. താലൂക്ക് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും പരാതി പറഞ്ഞിരുന്നു. അർത്തുങ്കൽ ബൈപ്പാസിലും പൈപ്പ് പൊട്ടി ആഴ്ചകളായി കുടിവെള്ളം പാഴാകുന്നുണ്ട്.