ജില്ലയിൽ ചകിരി ലഭ്യത വർദ്ധിപ്പിക്കാൻ കയർഫെഡ് രംഗത്ത്
ആലപ്പുഴ: ജില്ലയിൽ ചകിരി ലഭ്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാം കയർ വ്യവസായ പുന:സംഘടനയുടെ ഭാഗമായി കയർഫെഡ് ചുവടുറപ്പിക്കുന്നു. കേരളത്തെ ചകിരി ഉത്പാദനത്തിന്റെ മുഖ്യ ഹബ്ബാക്കി മാറ്റിയെടുക്കുന്നതോടെ, ജില്ലയിലേക്ക് കേരളത്തിലെതന്നെ ഇതര ജില്ലകളിൽ നിന്ന് കൂടുതൽ ചകിരി എത്തിത്തുടങ്ങും. ഇതോടെ അന്യസംസ്ഥാനങ്ങളെ വല്ലാതെ ആശ്രയിക്കേണ്ടിവരുന്ന ദുരവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും.
നിലവിൽ ചകിരിക്കായി തമിഴ്‌നാടിനെയാണ് ജില്ല കൂടുതൽ ആശ്രയിക്കുന്നത്. തമിഴ്നാട്ടിലെ തെങ്കാശി,കമ്പം,തേനി,പൊള്ളാച്ചി, കൂടംകുളം,കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നാണ് ചകിരി എത്തുന്നത്. ജില്ലയിൽ നാളികേരത്തിന്റെ ലഭ്യതക്കുറവും തൊണ്ട് ക്ഷാമവും നിമിത്തം സൊസൈറ്റികൾ ഉൾപ്പെടെ വലിയ സാമ്പത്തിക നഷ്ടത്തിലാണ്. അന്യസംസ്ഥാന ലോബികൾ ചകിരിയുടെ വില കുത്തനെ ഉയർത്തുന്നതാണ് പലരെയും ഇൗ മേഖല വിട്ടു പോകാൻ പ്രേരിപ്പിക്കുന്നത്.
തൊണ്ടിന്റെ ലഭ്യത ഉറപ്പാക്കാനായി കയർഫെഡ് കൺസോർഷ്യത്തിന് രൂപം നൽകിയിട്ടുണ്ട്. ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംവിധാനം മേഖലയ്ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്. ചകിരി ക്ഷാമം മൂലം പ്രവർത്തനം നിലച്ച മില്ലുകൾക്ക് പ്രത്യേക പരിഗണന നൽകും. ജില്ലയിൽ മൂന്ന് സൊസൈറ്റികൾ ഉടൻ തന്നെ കയർ ഫാക്ടറിയാക്കും. തൃശൂർ,വൈക്കം,കോഴിക്കോട് എന്നിവിടങ്ങളിൽ ചകരി ഉത്പാദിപ്പിച്ച് ജില്ലയിലേക്ക് എത്തിക്കാനാണ് ശ്രമം.
'സെഞ്ച്വറി' ഫാക്ടറി മുഹമ്മയിൽ
കയർഫെഡ് ഇൗ വർഷം കേരളത്തിൽ മൊത്തം 100 യന്ത്രവത്കൃത ചകിരി ഉത്പാദന മില്ലുകൾ സ്ഥാപിക്കും.
മുഹമ്മ പഞ്ചായത്തിലെ കാട്ടുകടയിലാണ് നൂറാമത്തെ ചകിരിമിൽ സ്ഥാപിക്കുംന്നത്. ഫെബ്രുവരി അവസാനം ഇതിന്റെ ഉദ്ഘാടനം നടന്നേക്കും. സ്വകാര്യ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. സംരംഭകർക്കായി കേരള ഫിനാൻഷ്യൽ കോർപറേഷൻ മുഖേന പ്രത്യേക വായ്പ പദ്ധതിയും ആവിഷ്‌കരിച്ചു. 50 ലക്ഷം രൂപ വരെയുള്ള പ്രോജക്ടിന് തുകയുടെ 80 ശതമാനം വായ്പ നൽകും.10 ശതമാനമാണ് പലിശ. അഞ്ച് വർഷം കൊണ്ട് തിരിച്ചടയ്ക്കണം. പരമാവധി സബ്‌സിഡി 25 ലക്ഷം രൂപയാണ്. മില്ലുകളിലെ ചകിരി കയർഫെഡ് നേരിട്ട് സംഭരിച്ച് പണം മില്ലുടമകൾക്ക് നൽകും. കയർ പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്യുന്ന പദ്ധതികളാണ് പരിഗണിക്കുന്നത്. കേരള കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി വഴിയാണ് ചകിരി ഉത്പാദന യന്ത്രങ്ങൾ വിതരണം ചെയ്യുന്നത്.
വെറുതെയാവില്ല ചകരിച്ചോറും
തൊണ്ട് ചകിരിയാക്കവേ ലഭിക്കുന്ന ചകിരിച്ചോറിന്റെ വിപണനം വർദ്ധിപ്പിക്കാനും ലക്ഷ്യമുണ്ട്. മില്ലുകൾക്ക് മറ്റൊരു വരുമാന മാർഗം കൂടിയാവുമിത്. ചകിരി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം ചകിരിപിരി സഹകരണ സംഘങ്ങൾ കൂടി തുടങ്ങാനും കയർ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതുവഴി പിരിമേഖലയിലെ ഇപ്പോഴത്തെ തൊഴിൽ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കയർഫെഡ്. ജില്ലയിൽ ചകിരി ഉത്പാദനം വർദ്ധിക്കുന്നതിലൂടെ കയർമേഖല കൂടുതൽ ഉണർവിലേക്ക് എത്തും'
............................................................
''ജില്ലയിൽ ചകിരിക്ഷാമം പരിഹരിക്കാനുള്ള എല്ലാ സാദ്ധ്യതകളും പരിഗണിക്കുന്നുണ്ട്. ചകിരിക്ക് തമിഴ്നാടാണ് ജില്ലയുടെ പ്രധാന ആശ്രയം. കേരളത്തിൽ ചകിരിമില്ലുകൾ സ്ഥാപിക്കുന്നതിലൂടെ പരിഹാരം കാണാൻ കഴിയും. 2017 ഒക്ടോബർ മുതൽ ജില്ലയിൽ ചകിരി ക്ഷാമത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ മുന്നേറുകയാണ് ''
(അഡ്വ.എൻ.സായികുമാർ, കയർഫെഡ് പ്രസിഡന്റ്)