frwf

ഹരിപ്പാട്: കെട്ടുകാഴ്ചകളിലെ കാഴ്ചവിരുന്നായ കെട്ടുകുതിരയുടെ മാതൃകയിലും ഇക്കുറി കാവടികൾ. ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ ശ്യാമിന്റെ കരവിരുതിലാണ്, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 21ന് നടക്കുന്ന തൈപ്പൂയ കാവടിക്കായി കമനീയവും വ്യത്യസ്തവുമായ കാവടികൾ അണിയറയിൽ തയ്യാറായിരിക്കുന്നത്.

കരുവാറ്റ സ്വദേശികളായ സ്വാമിമാർക്ക് വേണ്ടിയാണ് പുതിയ മാതൃകയിലുള്ള കാവടികൾ. രണ്ട് ഇരുമുഖ കാവടികളും ഒരു ആറുമുഖ കാവടിയും. ഇരുമുഖ കാവടികൾ കരുവാറ്റ ഗോലോകാശ്രമത്തിൽ നിന്നും അറുമുഖ കാവടി തിരുവിലഞ്ഞാൽ ദേവീ ക്ഷേത്രത്തിൽ നിന്നും എത്തിച്ചേരും. പാലും തേനുമാണ് ദ്രവ്യമായി നിറയ്ക്കുന്നത്. ശ്യാം വർഷങ്ങളായി കാവടികൾ ഒരുക്കുന്നുണ്ട്. എല്ലാ വർഷവും കാവടി എടുക്കാറുമുണ്ട്. കരുവാറ്റ സ്വദേശികളായ കണ്ണൻ, അജി, കണ്ണൻ എന്നിവരാണ് കെട്ടുകുതിരയുടെ രൂപത്തിലുള്ള കാവടി വേണമെന്ന ആവശ്യവുമായി ശ്യാമിനെ സമീപിച്ചത്. 13 അടിയോളം പൊക്കമുണ്ട് ഓരോന്നിനും. പ്ളാവിൻ തടിയിൽ ഒന്നരയടി പൊക്കത്തിൽ നിർമ്മിച്ച കാവടി ചട്ടക്കൂടിന്റെ മുകളിലാണ് കുതിര അണിയിച്ചൊരുക്കുന്നത്. തെർമോകോൾ, തടി അലകുകൾ, വർണ്ണക്കടലാസുകൾ എന്നിവയാണ് ഉപയോഗിച്ചത്. ചെട്ടികുളങ്ങര കുതിരകളിൽ കാണുന്നതുപൊലെ പതിമൂന്ന് ഇല്ലിതട്ടുകളും അഞ്ച് ചരിപ്പുകളും രണ്ട് ദളവും പ്രഭടയും മേൽക്കൂടും നാമ്പും ഉൾപ്പെടെയുള്ളവ കാവടിയിലും ഒരുക്കിയിട്ടുണ്ട്. പ്രിന്റ് ചെയ്ത് വെട്ടിയെടുത്ത പേപ്പർ തൂക്കുകളാണ് ഒട്ടിച്ചിട്ടുള്ളത്. പേപ്പറിൽ പ്രിന്റ് ചെയ്ത വൈരക്കൊടികളും കാവടിയിലെ കുതിരയ്ക്ക് മാറ്റ് കൂട്ടുന്നു. പന്ത്രണ്ട് ദിവസം കൊണ്ടാണ് കാവടികളുടെ നിർമ്മാണം പൂർത്തിയാക്കിയത്.

ഓട്ടോ ഡ്രൈവർ എന്നതിനു പുറമേ ഹരിപ്പാട് എമർജൻസി റസ്ക്യു ടീം സെക്രട്ടറി കൂടിയാണ് ശ്യാം. വലിയകുളങ്ങര ദേവീക്ഷേത്രം, മുണ്ടോലിൽ ദേവീക്ഷേത്രം, തോട്ടുകടവ് ദേവീക്ഷേത്രം, തിരുവിലഞ്ഞാൽ ദേവീക്ഷേത്രം, ചിങ്ങോലി കാവിൽപ്പടിക്കൽ ദേവീക്ഷേത്രം എന്നിവിടങ്ങളിലെ കെട്ടുകാഴ്ചകൾ ഒരുക്കാൻ എരിയ്ക്കാവ് സുരേഷ് ആശാനോടൊപ്പം സജീവ സാന്നിദ്ധ്യമാണ് ഈ യുവ കലാകാരൻ.