മാലിന്യം ആരു നീക്കണമെന്നതിൽ തർക്കം
ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പ്, കിടങ്ങാംപറമ്പ് ഉത്സവം, കാർഷിക വ്യാവസായിക പ്രദർശനം എന്നിവ കഴിഞ്ഞ് ആളും ആരവവും ഒഴിഞ്ഞതോടെ, നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മിലാരംഭിച്ച തർക്കം മൂലം നഗര നിരത്തുകളിലെങ്ങും മാലിന്യക്കൂമ്പാരമായി. നടപ്പാതകളിലൊക്കെ കച്ചവടക്കാർ അവശേഷിപ്പിച്ച മാലിന്യങ്ങൾ ചാക്കുകളിലാക്കി നിക്ഷേപിച്ചേക്കുന്നതു കാണാം. ഇവ കാരണം നടപ്പാത ഉപയോഗിക്കാനാവാത്ത അവസ്ഥയാണുള്ളത്.
ഡിസംബർ 27, 28 തീയതികളിലായി നഗരത്തിലെ ആഘോഷങ്ങൾ അവസാനിച്ചെങ്കിലും കച്ചവടക്കാർ ഉപേക്ഷിച്ച മാലിന്യങ്ങൾ ആരു നീക്കുമെന്ന തർക്കമായി. പൊതുമരാമത്ത് വകുപ്പാണ് ഇത്തവണ കടകളുടെ ലേലം നടത്തിയത്. എന്നാൽ കടകളിൽ നിന്നുള്ള മാലിന്യം പൊതുമരാമത്ത് വകുപ്പ് മാറ്റിയതുമില്ല. നഗരസഭയാവട്ടെ, മാലിന്യം അവഗണിക്കുകയും ചെയ്തു.
ദിവസങ്ങൾ കഴിഞ്ഞതോടെ ഈ മാലിന്യങ്ങൾ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിതെളിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് ചാക്കുകളിൽ മാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. കിടങ്ങാംപറമ്പ് ഭാഗം, മുല്ലയ്ക്കൽ, കോടതി പരിസരം എന്നിവിടങ്ങളിൽ മാലിന്യ നിക്ഷേപം കാണാം.
കരിമ്പ് ജ്യൂസ് കടക്കാർ അവശേഷിപ്പിച്ച ചണ്ടി ചാക്കുകളിലാക്കി അവിടവിടങ്ങളിൽ കൂട്ടിയിട്ടിട്ടുണ്ട്. ജില്ലാക്കോടതിയുടെ മുന്നിൽ ആറ് ചാക്കുകളിലാണ് മാലിന്യം നിറച്ചിരിക്കുന്നത്. എസ്.ഡി.വി ബോയ്സ് സ്കൂളിന്റെ വടക്കേ മൂലയിലും താലൂക്ക് ഒാഫീസ് റോഡിൽ പലയിടങ്ങളിലും ചാക്ക് കൂനകൾ കാണാം.
.........................................
'നഗരസഭ മാലിന്യം നീക്കിത്തുടങ്ങിയിട്ടുണ്ട്. നാളെക്കൊണ്ട് പൂർണമായി നീക്കം ചെയ്യും. പൊതുമരാമത്ത് വകുപ്പ് ലേലം നടത്തി നൽകിയ കടകളിൽ നിന്നാണ് മാലിന്യം തള്ളിയത്. ഇവ നീക്കം ചെയ്യേണ്ട ചുമതലയും വകുപ്പിനായിരുന്നു. ഈ മാലിന്യങ്ങൾ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നതിനാലാണ് നഗരസഭ ഇടപെടുന്നത്'
(എ.എ.റസാഖ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ)